അമേരിക്കയിൽ വീണ്ടും കാട്ടുതീ; 31,000 പേര്‍ക്ക് വീടൊഴിയാൻ നിര്‍ദേശം…

Written by Web Desk1

Published on:

അമേരിക്ക / ലൊസാഞ്ചലസ് (America / Los Angeles) : അമേരിക്കയിൽ ആശങ്കയുയർത്തി ലൊസാഞ്ചലസിന്റെ വടക്കുഭാഗത്തു പുതിയ കാട്ടുതീ പടർന്നു. മാരകമായ 2 കാട്ടുതീകളുടെ ദുരിതം മാറുന്നതിനു മുൻപാണിത്. അതിവേഗത്തില്‍ വ്യാപിക്കുന്ന കാട്ടുതീയിൽ നിന്നു രക്ഷപ്പെടാനായി പതിനായിരക്കണക്കിന് ആളുകളോടു വീടുകള്‍ ഒഴിയാന്‍ നിർദേശിച്ചു. ഹെലികോപ്റ്ററുകളും വിമാനങ്ങളും അഗ്നിശമന സേനയും തീയണയ്ക്കുന്നുണ്ട്. വളരെ ആശങ്കാജനകമായ സാഹചര്യമാണെന്നു കാലാവസ്ഥാ വിദഗ്ധൻ ഡാനിയേല്‍ സ്വെയ്ന്‍ പറഞ്ഞു.

കാസ്റ്റൈക് തടാകത്തിനു സമീപം കുന്നുകളില്‍ ഭീമൻ തീജ്വാലകള്‍ പടരുകയാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 8,000 ഏക്കറിലേറെ (3,200 ഹെക്ടർ) പ്രദേശത്തേക്കാണു തീ വ്യാപിച്ചത്. ശക്തവും വരണ്ടതുമായ സാന്റ അനാ കാറ്റുകള്‍ പ്രദേശത്തു വീശിയടിക്കുന്നതാണു തീ ആളിപ്പടരാൻ കാരണം. വന്‍തോതിൽ പുകയും കനലും തീക്കാറ്റിനൊപ്പം പറന്നുവരുന്നുണ്ട്. ലൊസാഞ്ചലസിന്റെ 56 കിലോമീറ്റര്‍ വടക്കുഭാഗത്തുള്ള തടാകത്തിനു ചുറ്റിലെയും 31,000 പേര്‍ക്ക് വീടൊഴിയാൻ നിര്‍ദേശം നല്‍കി. സാന്റ ക്ലാരിറ്റ നഗരത്തിന് അടുത്താണ് ഈ തടാകം. പ്രദേശവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പുകള്‍ ലഭിച്ചു.

‘‘ഞങ്ങളുടെ വീട് കത്തരുതേയെന്നു പ്രാർഥിക്കുകയാണ്’’– കാര്‍ പാർക്ക് ചെയ്ത്, രക്ഷ തേടി മറ്റൊരിടത്തേക്കു പോകുന്ന നാട്ടുകാരൻ പറ‌ഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. കാട്ടുതീ ബാധിച്ച പ്രദേശത്തുള്ള എല്ലാവരും ഉടനെ ഒഴിയണമെന്ന് ലൊസാഞ്ചലസ് പ്രവിശ്യാ മേധാവി റോബര്‍ട്ട് ജെന്‍സണ്‍ ആവശ്യപ്പെട്ടു. ആളുകളോടു വീടുവിട്ടു പോകാന്‍ പൊലീസ് ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പ്രാദേശിക ടിവി ചാനലുകൾ സംപ്രേഷണം ചെയ്തു. ജയിയിലുള്ള 500 തടവുകാരെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റി. നേരത്തേയുണ്ടായ തീപിടിത്തങ്ങളിൽ വലിയ നാശനഷ്ടങ്ങളാണു സംഭവിച്ചത്. ഇരുപതിലേറെപ്പേർ മരിക്കുകയും ആയിരക്കണക്കിനു കെട്ടിടങ്ങള്‍ നശിക്കുകയും ചെയ്തു.

See also  ആര്‍സിസിയിലെ ഭക്ഷണത്തില്‍ പുഴു, കിച്ചന്‍ സ്റ്റാഫിനെ പുറത്താക്കി…

Leave a Comment