കോളറ പൊട്ടിപ്പുറപ്പെട്ട് മരണം 300 കടന്നു

Written by Web Desk1

Published on:

:.

ലുസാക്ക: സാംബിയയിൽ പൊട്ടിപ്പുറപ്പെട്ട കോളറ കാരണം മരണം 300 കടന്നു. 7500ലധികം പേരാണ് ചികിത്സ തേടിയത്. ശുദ്ധ ജലത്തിനായി ആളുകൾ ഗ്രാമങ്ങളിലേക്ക് ചേക്കേറണമെന്ന് സാംബിയന്‍ പ്രസിഡന്‍റ് ഹകൈൻഡെ ഹിചിലേമ ആഹ്വാനം ചെയ്തു.

ജനസാന്ദ്രതയുള്ള ചില നഗര പ്രദേശങ്ങളിലെ വൃത്തിഹീനമായ അന്തരീക്ഷം കോളറ പടര്‍ന്നു പിടിക്കാന്‍ കാരണമാകുന്നുവെന്ന് പ്രസിഡന്‍റ് പറഞ്ഞു. നഗരങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ മതിയായ സ്ഥലവും തികഞ്ഞ ശുചിത്വവും ഉള്ള ഗ്രാമപ്രദേശങ്ങളിലേക്ക് മാറിത്താമസിക്കണം. ഗ്രാമപ്രദേശങ്ങളിലെ വെള്ളം കൂടുതൽ ശുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

സാംബിയയുടെ തലസ്ഥാനമായ ലുസാക്കയില്‍ ആയിരത്തിലധികം രോഗികളുള്ള ഹീറോസ് സ്റ്റേഡിയത്തിലെ കോളറ ട്രീറ്റ്‌മെന്‍റ് സെന്‍റർ ബുധനാഴ്ച ഹിചിലേമ സന്ദർശിച്ചു. ജലജന്യരോഗം തുടച്ചുനീക്കാന്‍ ചില നടപടികള്‍ കർശനമായി നടപ്പാക്കുമെന്ന് പ്രസിഡന്‍റ് വ്യക്തമാക്കി. വ്യക്തമായ ലക്ഷ്യമില്ലാതെ പട്ടണങ്ങളിലേക്ക് ചേക്കേറിയവരുടെ വാസസ്ഥലങ്ങൾ കൂണുപോലെ മുളച്ചുപൊങ്ങിയത് നിലവിലെ വൃത്തിഹീനമായ അവസ്ഥയ്ക്ക് ഒരു കാരണമാണെന്ന് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. ചില യുവാക്കള്‍ ഗ്രാമപ്രദേശങ്ങളില്‍ പോയി കൃഷിയിറക്കുന്നതിനുപകരം പട്ടണങ്ങളിൽ ഒന്നും ചെയ്യാതെ ചുറ്റിനടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ഒക്ടോബറിനു ശേഷം സാംബിയയില്‍ 7500ലധികം കോളറ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 500ലധികം പുതിയ കേസുകളും 17 മരണങ്ങളും സംഭവിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. സാംബിയയിലെ 10 പ്രവിശ്യകളിൽ എട്ടിലും രോഗം പടർന്നുപിടിച്ചു. അടുത്ത ദിവസങ്ങളിലായി ലോകാരോഗ്യ സംഘടന ഏകദേശം പത്ത് ലക്ഷം വാക്സിൻ ഡോസുകൾ അയയ്ക്കും.

ഗ്രാമങ്ങളിൽ നല്ല ഭൂമിയുണ്ട്, ശുദ്ധമായ വെള്ളമുണ്ട്. ഗ്രാമങ്ങളിൽ നല്ല വീടുകൾ നിർമ്മിക്കാം. അവിടെ മലിനീകരണമില്ലെന്നും പ്രസിഡന്‍റ് പറഞ്ഞു. പട്ടണങ്ങളിൽ നിലവിലുള്ള ചേരികൾ നവീകരിക്കും. പുതിയവ ഉണ്ടാക്കുന്നത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളറ പടരാതിരിക്കാന്‍ അയല്‍രാജ്യങ്ങളായ മൊസാംബിക്കും സിംബാബ്‌വെയും നിരീക്ഷണം ശക്തമാക്കി. മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് ബാക്ടീരിയല്‍ രോഗമായ കോളറ പടരുന്നത്. ഛർദ്ദി, വയറിളക്കം എന്നിവ കാരണം കടുത്ത നിർജ്ജലീകരണം ഉണ്ടാകുന്നു. ഇതാണ് ആരോഗ്യനില അപകടകരമായ അവസ്ഥയില്‍ എത്തി മരണം സംഭവിക്കാന്‍ പ്രധാന കാരണം.

Leave a Comment