ന്യൂയോര്‍ക്ക്: പ്രശസ്ത ബേബി ടാല്‍കം പൗഡര്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ പൗഡര്‍ ഉപയോഗം അര്‍ബുദത്തിന് കാരണമായെന്ന് ആരോപിച്ച സ്ത്രീയുടെ കുടുംബത്തിന് 45 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാനാണ് കോടതിയുടെ ഉത്തരവ്.
നീണ്ട പത്ത് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് അമേരിക്കയിലെ ഇല്ലിനോയ് സ്വദേശിനി തെരേസ ഗാര്‍സിയുടെ കുടുംബത്തിന് അനുകൂലമായ വിധിയുണ്ടായിരിക്കുന്നത്. ആറ് കുട്ടികളുടെ അമ്മയായ തെരേസ മെസോതെലിയോമ ബാധിച്ച് 2020 ല്‍ മരണമടഞ്ഞിരുന്നു.തെരേസ ഗാര്‍സിയയുടെ മരണത്തിന്റെ ഉത്തരവാദി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്കാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നഷ്ട പരിഹാരം നല്‍കണമെന്ന് ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ടാല്‍കം പൗഡറില്‍ ആസ്ബറ്റോസ് കലര്‍ത്തിയാണ് കമ്പനി വില്‍പന നടത്തിയതെന്നായിരുന്നു തെരേസ ഗാര്‍സിയുടെ കുടുംബത്തിന്റെ ആരോപണം.കോടതിയുടെ കണ്ടെത്തലിനെതിരെ കമ്പനി അപ്പീല്‍ നല്‍കുമെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്‍ഹൗസ് ലിറ്റിഗേഷന്‍ വിഭാഗം മേധാവി എറിക് ഹാസ് പ്രതികരിച്ചിട്ടുണ്ട്.ടാല്‍ക്ക് പൗഡര്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ലെന്ന് കമ്പനിയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.