രാഷ്ട്രപിതാവ് മുജീബുര്‍ റഹ്‌മാനെ ചരിത്രപാഠപുസ്തകത്തില്‍നിന്നു ഒഴിവാക്കി ബംഗ്ലാദേശിലെ പുതിയ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പാഠപുസ്തകങ്ങളില്‍, 1971ല്‍ സിയാവുര്‍ റഹ്‌മാനാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നാണ് അച്ചടിച്ചിരിക്കുന്നത്.
പ്രൈമറി, സെക്കന്‍ഡറി പാഠപുസ്തകങ്ങളിലാണു ബംഗ്ലാദേശ് വെട്ടിത്തിരുത്തലുകള്‍ വരുത്തിയിരിക്കുന്നത്. പുതിയ പുസ്തകങ്ങളില്‍ രാഷ്ട്രപിതാവ് എന്ന പദവിയില്‍നിന്നും മുജീബുര്‍ റഹ്‌മാനെ നീക്കിയിട്ടുണ്ട്
അതിശയോക്തിനിറഞ്ഞ, അടിച്ചേല്‍പ്പിക്കപ്പെട്ട ചരിത്രത്തില്‍നിന്ന് പാഠപുസ്തകങ്ങളെ സ്വതന്ത്രമാക്കാനാണ് ശ്രമിച്ചതെന്ന് ഈ പ്രക്രിയയില്‍ പങ്കാളിയായ ഗവേഷകന്‍ റാഖല്‍ റാഹ ‘ദ ഡെയ്ലി സ്റ്റാര്‍’ ദിനപത്രത്തോടുപറഞ്ഞു. പാകിസ്താന്‍ പട്ടാളം അറസ്റ്റുചെയ്ത ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ കമ്പിയില്ലാക്കമ്പിവഴി സ്വാതന്ത്ര്യപ്രഖ്യാപന സന്ദേശമയച്ചു എന്നത് വസ്തുതാധിഷ്ഠിത വിവരമല്ലെന്നു കണ്ടെത്തിയതിനാലാണ് നീക്കിയതെന്നാണ് പാഠപുസ്തകപരിഷ്‌കര്‍ത്താക്കള്‍ ന്യായീകരിക്കുന്നത്.
പ്രഖ്യാപനത്തിന്റെ പൂര്‍ണവിവരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ദേശീയ കരിക്കുലം ആന്‍ഡ് ടെക്സ്റ്റ്ബുക്ക് ബോര്‍ഡ് ചെയര്‍മാന്‍ പ്രഫ. എ.കെ.എം. റിയാസുല്‍ ഹസന്‍ വ്യക്തമാക്കി.
വിദ്യാര്‍ഥിപ്രക്ഷോഭത്തെത്തുടര്‍ന്ന് 2024 ഓഗസ്റ്റ് അഞ്ചിന് നാടുവിടേണ്ടിവന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മുജീബുര്‍ റഹ്‌മാന്റെ മകളാണ്. അതിനുശേഷംവന്ന ഇടക്കാല സര്‍ക്കാര്‍ മുജീബുര്‍ റഹ്‌മാന്റെ ചിത്രം നോട്ടുകളില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചിരുന്നു.