കൊളംബോ: ശ്രീലങ്കയില്‍ ഇടതുനേതാവ് അനുര കുമാര ദിസനായകെ (anura kumara dissanayake) പ്രസിഡന്റ് . തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് ചരിത്ര വിജയം സ്വന്തമാക്കിയത്. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ് അനുര കുമാര. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് മത്സരം അവസാനിപ്പിച്ചത്. 2019 ല്‍ വലതുപക്ഷ പ്രസിഡന്റ് ഗോതബയ രാജപക്സെ അധികാരത്തിലെത്തി, രണ്ടര വര്‍ഷത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് പൊറുതിമുട്ടിയ ശ്രീലങ്കയെ ഇനി നയിക്കു സാമൂഹിക ക്ഷേമം സ്വപ്‌നം കണ്ട പോരാളിയാണ്. തീവ്ര ഇടതുപക്ഷ നേതാവില്‍ നിന്നും നയവ്യതിയാനം വന്ന ആളാണ് അനുര കുമാര ദിസ്സനായകെ. സാധുയവിപ്ലവ വഴിയില്‍ നടന്ന ശേഷം പിന്നീട് അത് തെറ്റായി പോയെന്ന് തുറന്നു പറഞ്ഞ നേതാവ്. സായുധ പോരാട്ടങ്ങള്‍ക്ക് പകരം സാമൂഹിക ക്ഷേമ പദ്ധതികളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ശക്തി വീണ്ടെടുക്കാമെന്ന് തിരിച്ചറിഞ്ഞ വിപ്ലവകാരിയാണ് അദ്ദേഹം.