അമേരിക്കന്‍ വ്യവസായിയും ശതകോടീശ്വരനുമാണ് ബ്രയാന്‍ ജോണ്‍സണ്‍. (Brian Johnson is an American businessman and billionaire.) പ്രായം കൂടുന്നത് തടയാനും യുവത്വം നിലനിര്‍ത്താനുമായി കോടികള്‍ ചെലവിടുന്ന ബ്രയാന്‍ ജോണ്‍സണ്‍ ഒരു വര്‍ഷം 2 മില്യണ്‍ ഡോളറാണ് (ഏകദേശം 17 കോടിയോളം രൂപ) ചെറുപ്പം നിലനിര്‍ത്താനായി ബ്രയാന്‍ ജോണ്‍സണ്‍ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ട്. കര്‍ശനമായ ആരോഗ്യചിട്ടകളിലൂടെയും ഹെല്‍ത്ത് സപ്ലിമെന്റുകളിലൂടെയും തന്റെ പ്രായം അഞ്ചുവയസ്സുവരെ കുറച്ചതായും ബ്രയാന്‍ ജോണ്‍സണ്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.
പ്രായം കൂടുന്നത് തടയാമെന്ന് അവകാശപ്പെടുന്ന ബ്രയാന്‍ ജോണ്‍സണ്‍ ഇതുമായി ബന്ധപ്പെട്ട പല വിവാദങ്ങളിലും നേരത്തെ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, ഏറ്റവും ഒടുവിലായി ബ്രയാന്‍ ജോണ്‍സണിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന റിപ്പോര്‍ട്ടാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരിക്കുന്നത്. ബ്രയാന്‍ ജോണ്‍സണിന്റെ കമ്പനിയായ ‘ബ്ലൂപ്രിന്റി’ല്‍ നടക്കുന്ന അദ്ദേഹത്തിന്റെ വിചിത്രമായ പെരുമാറ്റരീതികളെക്കുറിച്ചും ഇതു പുറത്തറിയുന്നത് തടയാനായി ജീവനക്കാരുമായി നിര്‍ബന്ധിത കരാര്‍ തയ്യാറാക്കിയിരുന്നതുമായാണ് റിപ്പോര്‍ട്ട്. ബ്രയാന്‍ ജോണ്‍സണിനൊപ്പം ജോലിചെയ്തിരുന്ന മുപ്പതുപേരുമായി അഭിമുഖം നടത്തിയശേഷമാണ് ന്യൂയോര്‍ക്ക് ടൈംസ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
നഗ്നനായും അല്പവസ്ത്രം ധരിച്ചും ബ്രയാന്‍ ജോണ്‍സണ്‍ തന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ‘ബ്ലൂപ്രിന്റി’ന്റെ ഓഫീസിലെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജീവനക്കാരുമായി തന്റെ ലൈംഗികവൃത്തികളെക്കുറിച്ചും ഉദ്ധാരണം അടക്കമുള്ള വിഷയങ്ങളും ഇയാള്‍ ചര്‍ച്ചചെയ്തിരുന്നു. ഇതെല്ലാം രഹസ്യമായി സൂക്ഷിക്കാനാണ് ജീവനക്കാരെ നിര്‍ബന്ധിച്ച് ചില കരാറുകളില്‍ ഒപ്പുവെയ്പ്പിച്ചിരുന്നത്.
ഈ കരാര്‍ അനുസരിച്ച് ബ്രയാന്‍ ജോണ്‍സണിന്റെ വീട്, ജോലിസ്ഥലം, വ്യക്തിപരമായ മറ്റുകാര്യങ്ങള്‍, ഗതാഗതസംവിധാനങ്ങള്‍, വാഹനങ്ങള്‍, വിമാനങ്ങള്‍ തുടങ്ങി സ്വകാര്യമായ വിവരങ്ങളെ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടം. ഇതെല്ലാം വിശദീകരിക്കുന്ന മൂന്ന് കരാര്‍ രേഖകളാണ് ജീവനക്കാര്‍ ഒപ്പിട്ടുനല്‍കേണ്ടിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രയാന്‍ ജോണ്‍സണ്‍ അല്പവസ്ത്രം ധരിക്കുന്നതിലും ചിലസമയത്ത് വിവസ്ത്രനായി ഓഫീസിലെത്തുന്നതിലും തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നതാണ് ജീവനക്കാര്‍ ഒപ്പിട്ടുനല്‍കിയ കരാറുകളിലെ ഒരു വ്യവസ്ഥ. ബ്രയാന്‍ ജോണ്‍സണ്‍ ലൈംഗികവിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്നും ജീവനക്കാര്‍ ഒപ്പിട്ടുനല്‍കിയ കരാറിലുണ്ടായിരുന്നു. സ്ഥാപനമേധാവിയുടെ പെരുമാറ്റം തങ്ങള്‍ക്ക് സ്വീകാര്യമാണെന്നും കുറ്റകരമായി തോന്നുന്നില്ലെന്നും അണ്‍പ്രൊഫഷണല്‍ അല്ലെന്നും കരാറില്‍ ജീവനക്കാര്‍ സമ്മതിച്ചിരുന്നു.
അതേസമയം, അല്പവസ്ത്രം ധരിച്ച് ബ്രയാന്‍ ജോണ്‍സണ്‍ ഓഫീസിലെത്തുന്നതിലും വനിതാ ജീവനക്കാരുമായി ശൃംഗരിക്കുന്നതിലും ജീവനക്കാര്‍ അസ്വസ്ഥരായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഇതെല്ലാം അംഗീകരിക്കുന്ന കരാറില്‍ ഒപ്പുവെച്ചതിനാല്‍ ഇതിനെതിരേ പ്രതികരിക്കുന്നതില്‍ അവര്‍ക്ക് നിയന്ത്രണമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.