മുഖത്തെ ചുളിവുകളും കറുത്ത പാടുകളും നീക്കി പ്രായം കുറയ്ക്കാനുള്ള ശ്രമത്തിന് പിന്നാലെ കുടുംബത്തിലെ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ 58-കാരിയായ മുത്തശ്ശിക്കാണ് ഇത്തരമൊരു ദുരനുഭവം. ഭര്‍ത്താവിന് തന്നോടുള്ള അടുപ്പം കുറയുന്നതിനുള്ള പരിഹാരം മുഖത്തെ ചുളിവുകൾ മാറ്റലാണെന്നും അവ നീക്കം ചെയ്യുകയാണെങ്കില് ഭർത്താവിന് സ്നേഹം കൂടുമെന്നുമുള്ള ക്ലിനിക്കിലെ ഡോക്ടറുടെ വാക്ക് വിശ്വസിച്ചാണ് ഇവര്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് കൂട്ടുനിന്നതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
സര്‍ജറിക്കായി മുത്തശ്ശി. കൊച്ച് മകന് ട്യൂഷന്‍ ഫീസിന് കൊടുക്കാന്‍ വച്ചിരുന്ന പണം അടക്കം വീട്ടിലെ മുഴുവന്‍ സമ്പാദ്യവും ചെലവഴിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 8,600 ഡോളറായിരുന്നു (ഏതാണ്ട് ഏഴര ലക്ഷത്തോളം രൂപ) പ്ലാസ്റ്റിക് സര്‍ജറിക്കായി മുത്തശ്സി ചെലവഴിച്ചത്. ഇവര്‍ താമസിക്കുന്ന റെസിഡൻഷ്യൽ കോമ്പൗണ്ടിലെ ഒരു തെറാപ്പി സെന്‍ററിന്‍റെ ഉടമയാണ് ഇവരെ പ്ലാസ്റ്റിക് സർജറി ക്ലിനിക്കിലേക്ക് കൊണ്ടുപോയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇവരുടെ മകൾ, താന്‍ വഞ്ചിക്കപ്പെട്ടെന്ന് കാട്ടി പോലീസില്‍ നല്‍കിയ പരാതിയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.
കുയി എന്ന കുടുംബപ്പേരുള്ള 58 -കാരി പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്ക് സന്ദര്‍ശിച്ചപ്പോള്‍, മുഖത്ത് ധാരാളം ചുളിവുകൾ ഉണ്ടെന്നും അത് ദൗര്‍ഭാഗ്യമുണ്ടാക്കുമെന്നും ക്ലിനിക്കിലെ സര്‍ജന്‍ കുയിയെ പറഞ്ഞ് വിശ്വസിപ്പിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് നിറം ഭര്‍ത്താവ്, ഇവരെ വഞ്ചിക്കുന്നതിന്‍റെ സൂചനയാണെന്നായിരുന്നു സർജന്‍ കുയിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഭർത്താവിന്‍റെ ഭാഗ്യത്തിനായി അവ നീക്കം ചെയ്യണമെന്നും ഒപ്പം, പുരികങ്ങൾക്കിടയിലുള്ള ചുളിവുകൾ നീക്കം ചെയ്യുന്നത് അവരുടെ കുട്ടികൾക്ക് ഭാഗ്യം കൊണ്ടുവരുമെന്നും സർജന്‍ അവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഒപ്പം, പെട്ടെന്ന് തന്നെ പണം അടച്ച് സര്‍ജറി ചെയ്യാന്‍ ക്ലിനിക്കിലെ ജീവനക്കാരും അവരെ നിര്‍ബന്ധിച്ചു. നിരന്തരമുള്ള നിര്‍ബന്ധത്തിനിടെ എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കാന്‍ കഴിയും മുന്നേ കുയിയുടെ അക്കൗണ്ടിലുണ്ടായിരുന്ന കുടുംബത്തിന്‍റെ സമ്പാദ്യം മുഴുവനും സര്‍ജറിയുടെ പേരില്‍ ക്ലിനിക്കിന്‍റെ അക്കൗണ്ടിലേക്ക് മാറ്റപ്പെട്ടു.
അന്ന് തന്നെ ചികിത്സ കഴിഞ്ഞെങ്കിലും കുയിയ്ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ഒപ്പം തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. ഇതിന് പിന്നാലെ കുയി തന്‍റെ മകളോട് പ്ലാസ്റ്റിക് സര്‍ജറിയുടെ കാര്യം പറയാന്‍ നിർബന്ധിതയായി. എന്നാല്‍, സംസാരികാന്‍ ശ്രമിക്കവെ പലപ്പോഴും അമ്മ വാ തുറക്കാന്‍ ആയാസപ്പെടുന്നത് മകൾ ശ്രദ്ധിച്ചു. പിന്നാലെ മകൾ അമ്മയുമായി ആശുപത്രിയിലെത്തി.
അവിടെ വച്ച് നടത്തിയ പരിശോധനയില്‍ കുയിക്ക് ഹൈലൂറോണിക് ആസിഡ് ഫില്ലർ കുത്തിവച്ചതായി കണ്ടെത്തി. തുടർന്ന് ഏതാണ്ട് 10 ഓളം പരിശോധനകൾ നടത്തിയെന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ തന്‍റെ അമ്മയെ വഞ്ചിച്ചെന്ന് ആരോപിച്ച കുയിയുടെ മകൾ ക്ലിനിക്കിലെത്തി പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍, ഇവരുടെ ആവശ്യം നിരസിച്ച ക്ലിനിക്ക് നിയമ നടപടി സ്വീകരിക്കാൻ മകളോട് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ക്ലിനിക്കിനെതിരെ മകൾ പോലീസിനെ സമീപിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ചൈനയില്‍ സൗന്ദര്യ വര്‍ദ്ധക ക്ലിനിക്കുകൾക്കെതിരെ നേരത്തെയും വലിയ തോതില്‍ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. പലതും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നവയായിരുന്നു. പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരായ നിരവധി രോഗികൾക്ക് പിന്നീട് പല തരത്തിലുള്ള അലര്‍ജികളും അസ്വസ്ഥതകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനകം ആറോളം സൗന്ദര്യ വര്‍ദ്ധക ക്ലിനിക്കുകൾക്കെതിരെ പോലീസ് നടപടി എടുത്തു. ഇവയെല്ലാം തന്നെ ഇപ്പോൾ പൂട്ടിക്കിടക്കുകയാണെന്നും എന്നാല്‍, അതിലും എത്രയോ എണ്ണം ക്ലിനിക്കുകൾ അനധികൃതമായി പ്രവര്‍ത്തുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.