എല്ലാ മന്ത്രങ്ങളുടെയും മാതാവായാണ് ഗായത്രി മന്ത്രം കണക്കാക്കുന്നത്. പ്രസിദ്ധമായ ഈ വൈദികമന്ത്രം ഋഗ്വേദം മൂന്നാം മണ്ഡലത്തിൽ ആറാം സൂത്രത്തിൽ പത്താമത്തെ മന്ത്രമാണ്. ഇത് യജുര്‍വേദം, സാമവേദം എന്നീ വേദങ്ങളിലും കാണാം. ഗായത്രി മന്ത്രം ജപിക്കാതെ ഒരു മന്ത്രജപവും ഫലം തരില്ലെന്നാണ് വിശ്വാസം. എല്ലാ ശ്രേയസുകള്‍ക്കും കാരണമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ത്ഥനാ വിഷയം. ഈ മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്.

ഗായന്തം ത്രായതേ ഇതി ഗായത്രി ഗായകനെ രക്ഷിക്കുന്നതെന്തോ അതു ഗായത്രി എന്നു പ്രമാണം. ഗായത്രി മന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം. പ്രണവത്തോടും വ്യാഹൃതിത്രയത്തോടും തിപദമായ സാവിത്രീമന്ത്രം ജപിക്കുന്ന സാധകര്‍ക്ക് വേദത്രയം അധ്യയനം ചെയ്താലുള്ള ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
ഗണപതി, പാര്‍വതി, സൂര്യന്‍, ശിവന്‍ തുടങ്ങി പുരാണങ്ങളില്‍ പറഞ്ഞിട്ടുള്ള ഒട്ടു മിക്ക ദേവതകള്‍ക്കും അവരുടേതായ പ്രത്യേകം ഗായത്രി മന്ത്രങ്ങള്‍ ഉണ്ട്. ഈ ഗായതികള്‍ പ്രഭാത സ്നാനത്തിനു ശേഷം മനസ്സിരുത്തി ഒന്‍പത് തവണയെങ്കിലും നിത്യവും ജപിക്കണം. വിശ്വാസത്തോടെ ജപിക്കുക. വിശ്വാസമാണ് എല്ലാത്തിന്റെയും ആധാരം.
ഗായത്രിമന്ത്രം
ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്