നിസ്വാർത്ഥവും നിത്യാനന്ദകരവുമായ മാതൃഭാവത്തിന്റെ സ്വരൂപമാണ് ജഗദീശ്വരീയായ രാജരാജേശ്വരി. ആദിയും ആശ്രയവുമായ മഹാമായ ഭക്തർക്ക് അനുഗ്രഹദായണിയാണ്. എല്ലാം ഞാൻ തന്നെയെന്നും ഞാനൊഴികെ മറ്റൊന്നും ഇല്ലെന്നും ആലിലയിൽ ശിശുവായി കൈകാലിട്ടടിച്ച് പള്ളികൊണ്ട മഹാവിഷ്ണുവിനോട് അരുളിച്ചെയ്ത സാക്ഷാൽ ജഗദംബികയാണ് ശ്രീ രാജരാജേശ്വരി. ഞാൻ ആരാണെന്നും, എവിടെ നിന്നും വന്നു എന്നും സ്വയം ചോദിച്ച മഹാവിഷ്ണുവിന്റെ സംശയം തീർത്ത ആദിപരാശക്തി. ഈ ജഗദാധാര ചൈതന്യത്തിന്റെ, സന്നിധിയിൽ നമ്മുടെ ദു:ഖങ്ങളും സങ്കടങ്ങളും ക്ലേശങ്ങളും അവസാനിക്കും.
ആശ്രയിക്കുന്ന ഭക്തർക്ക് ഇത്രമേൽ അനുഗ്രഹം നൽകുന്ന മറ്റൊരു ദേവതയില്ല. ലളിത, കോമേശ്വരി, ശ്രീവിദ്യ, ത്രിപുരസുന്ദരി ദുർഗ്ഗ ഇങ്ങനെ അനവധി പേരുകളിൽ അറിയപ്പെടുന്ന ആദിപരാശക്തിയെ പ്രീതിപ്പെടുത്താൻ ശ്രീരാജരാജേശ്വരിപൂജ എന്നൊരു ഒരു പ്രത്യേക പൂജാ രീതിയുണ്ട്. ദേവീ പ്രധാനമായ വെള്ളിയാഴ്ച, പൗർണ്ണമി, നവമി, അഷ്ടമി ദിവസങ്ങൾ, കാർത്തിക, പൂരം നക്ഷത്രങ്ങൾ തുടങ്ങിയവ ഈ വ്രതം തുടങ്ങാൻ ഉത്തമമാണ്.
ചിട്ടകൾ പാലിച്ച് തുടർച്ചയായി 48 ദിവസം വ്രതമെടുത്ത് ഉപാസന നടത്തണം. ഈ വ്രതനാളുകളിൽ പുലർച്ചെ 4.30 മുതൽ 5 മണിക്കുള്ളിൽ കുളി കഴിഞ്ഞ് ഭക്തിപൂർവം ദേവീ പൂജ നടത്തണം. ത്രിപുരസുന്ദരിയുടെ ചിത്രം പൂജാമുറിയിൽ ഹാരമണിയിച്ച് വച്ച് നെയ് വിളക്ക് തെളിച്ച് ചന്ദനത്തിരി കത്തിച്ച് മന്ത്രജപത്തോടെയാണ് പൂജ നടത്തേണ്ടത്. വ്രത ദിനങ്ങളിൽ മത്സ്യമാംസാദികൾ, ലഹരി പദാർത്ഥങ്ങൾ ഇവ വർജ്ജിക്കണം. ശരീരശുദ്ധി, മന:ശുദ്ധി എന്നിവ ജപവേളയിൽ പാലിക്കണം. ഏത് പൂജാമുറിയിൽ വ്രതം തുടങ്ങുന്നുവോ അവിടെ തന്നെ 48 ദിവസവും വ്രതമിരിക്കണം. രാത്രി മറ്റെവിടെയെങ്കിലും താമസിച്ചിട്ട് രാവിലെ വന്നാൽ പോലും വ്രതം മുറിയും.