ശ്രീകൃഷ്ണ ജയന്തിയ്ക്കായി ഹൈന്ദവ വിശ്വാസികൾ ഒരുങ്ങി കഴിഞ്ഞു. തിങ്കളാഴ്ചയാണ് ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമി. വിപുലമായ ആഘോഷപരിപാടികൾ ആണ് തിങ്കളാഴ്ച കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുക.
ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ അർദ്ധരാത്രിയിൽ രോഹിണി നക്ഷത്രത്തിലാണ് കൃഷ്ണൻ ജനിച്ചത്. ഈ ദിവസം കൃഷ്ണനെ പൂജിക്കുന്നത് ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരും. ചില വിശേഷ വസ്തുക്കൾ സമർപ്പിക്കുന്നതും ഈ ഐശ്വര്യം വർദ്ധിപ്പിക്കും. അവ ഏതെല്ലാമാണെന്ന് നോക്കാം.
മയിൽ പീലിയാണ് ഇതിൽ ആദ്യത്തേത്. ശ്രീകൃഷ്ണന് ഏറ്റവും പ്രിയപ്പെട്ട വസ്തുവാണ് ഇത്. കൃഷ്ണൻ മയിൽപ്പീലി തലയിൽ ചൂടിയിട്ടുണ്ട്. പൂജാ വേളയിൽ മയിൽപ്പീലി കൃഷ്ണന് അർപ്പിക്കുന്നത് വീട്ടിൽ സമ്പത്ത് വർദ്ധിപ്പിക്കും. മയിൽ പീലി വീട്ടിൽ സൂക്ഷിക്കുന്നത് സാമ്പത്തിക അഭിവൃദ്ധിയ്ക്ക് നല്ലതാണ്.
പൂജാ വേളയിൽ ശ്രീകൃഷ്ണന് മധുരപലഹാരങ്ങൾ നേദിയ്ക്കുന്നതും വളരെ നല്ലതാണ്. കൃഷ്ണന് പ്രിയപ്പെട്ട മറ്റൊരു വസ്തുവാണ് ഓടക്കുഴൽ. പൂജാ വേളയിൽ ഓടക്കുഴൽ സമർപ്പിക്കുന്നത് കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യവും സ്‌നേഹവും വർദ്ധിപ്പിക്കും എന്നാണ് വിശ്വാസം.
പശുക്കിടാവിന്റെയും കാളക്കുട്ടിയുടെയും രൂപങ്ങൾ വിഗ്രഹത്തിന് മുൻപിൽ സമർപ്പിക്കുന്നതും കുടുംബത്തിന്റെ ഐശ്വര്യത്തിന് വളരെ നല്ലതാണ്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ദാനം നൽകുന്നതും ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരും.