ത്രിമൂർത്തികളിൽ പരമശിവന് പ്രാധാന്യമുള്ള ദിനരാത്രങ്ങളാണ് ധനുമാസത്തിലെ തിരുവാതിരയും കുംഭമാസത്തിലെ ശിവരാത്രിയും. ഓരോ മാസത്തിലും രണ്ടു തവണ വരുന്ന പ്രദോഷ സന്ധ്യയും മഹാദേവന് വളരെ വിശേഷമാണ്.
ശിവരാത്രിയെ സംബന്ധിച്ച് മൂന്ന് ഐതിഹ്യങ്ങളുണ്ട്. ബ്രഹ്മാവും വിഷ്ണുവും തമ്മിൽ തർക്കമുണ്ടായപ്പോൾ ഉപസംഹരിച്ചത് പരമേശ്വരനാണ്. അത് മാഘമാസത്തിലെ കറുത്തപക്ഷ ചതുർദശി രാത്രിയിലായിരുന്നുവെന്ന് ശിവപുരാണത്തിൽ പറയുന്നു. അതിനെ അനുസ്മരിച്ചാണ് ശിവരാത്രിവ്രതം അനുഷ്ഠിക്കുന്നത് എന്ന് ഒരു പക്ഷം. കഞ്ജരദേശത്തെ മന്ത്രികുമാരനായ സുകുമാരൻ ഒരു ചണ്ഡാലയുവതിയെ വിവാഹം കഴിച്ചു. അവൾക്ക് അണിയാനായി നാഗേശ്വരക്ഷേത്രത്തിൽ പുഷ്പം തേടി വന്നപ്പോൾ ശിവരാത്രി മഹോത്സവത്തിൽ പങ്കെടുക്കുകയും മരണാനന്തരം ആത്മാവിന് പുണ്യം കിട്ടുകയും ചെയ്തു എന്ന് അഗ്നിപുരാണത്തിൽ കാണുന്നു. അതിൽ സുകുമാരന്റെ പേര് സുന്ദരസേനൻ എന്നാണ്.
ശിവരാത്രിയെക്കുറിച്ച് ഏറ്റവും പ്രശസ്തമായ കഥ പാലാഴി മഥനവുമായി ബന്ധപ്പെട്ടതാണ്. ഒരിക്കല്‍ ദേവർഷിയായ ദുർവാസാവ് തനിക്ക് വിദ്യാധര സ്ത്രീകൾ സമ്മാനിച്ച ഒരു പുഷ്പഹാരം ദേവേന്ദ്രന് കൊടുത്തു. ഇന്ദ്രൻ അത് തന്റെ വാഹനമായ ഐരാവതത്തിന്റെ മസ്തകത്തിലണിയിച്ചു. വണ്ടുകളും മറ്റും പറന്നു വന്നതിനാൽ ഐരാവതത്തിന് മാല അസഹ്യമായി തോന്നി. അതിനെ നിലത്തിട്ട് ചവിട്ടി. അത് കണ്ട് ദുർവാസാവ് അത്യന്തം കുപിതനായി. ദേവകളെ ജരാനരബാധിക്കട്ടെ എന്ന് അദ്ദേഹം ശപിച്ചു. ഭയവിഹ്വലരായ ദേവകൾ ദുർവാസാവിനോട് ക്ഷമ പറഞ്ഞ് മോചനം യാചിച്ചു. പാലാഴി കടഞ്ഞ് അമൃത് എടുത്താൽ ശാപം മാറിക്കിട്ടും എന്ന് മുനി പറഞ്ഞു.
ദേവന്മാർ ബ്രഹ്മാവിനോടു കൂടി മഹാവിഷ്ണുവിനെ കണ്ടു. അതനുസരിച്ച് പാലാഴി (ക്ഷീരസാഗരം)കടയാൻ മന്ദരപർവതത്തെ കടകോൽ ആക്കണമെന്നും കയറായി ശിവന്റെ ആഭരണമായ വാസുകിയെ വേണമെന്നും വിഷ്ണു അരുളി. അങ്ങനെ പാലാഴി കടഞ്ഞപ്പോൾ പല വിശിഷ്ടവസ്തുക്കളും ഉയർന്നു വന്നു. ചന്ദ്രൻ, പാരിജാതം, ഉച്ചൈശ്രവസ്, മഹാലക്ഷ്മി, താര ഇവയൊക്കെ അങ്ങനെ വന്നതാണ്. മഹാലക്ഷ്മിയെ വിഷ്ണുവും താരയെ ബാലിയും പരിഗ്രഹിച്ചു. ഉച്ചൈശ്രവസ് എന്ന കുതിരയെ ഇന്ദ്രന്‍ സ്വന്തമാക്കി. ചന്ദ്രനെ ശിവൻ ധരിച്ചു.
ആദ്യം ഉയർന്നുവന്നത് കാളകൂടം എന്ന മഹാവിഷമാണ്. അത് കണ്ട ദേവന്മാർ പരമശിവനോട് ഉപസംഹരിക്കുവാൻ അഭ്യർഥിച്ചു. അദ്ദേഹം ആ വിഷം പാനം ചെയ്തു. എന്നാൽ പാർവതി അത് താഴേക്ക് ഇറങ്ങാതിരിക്കാൻ ശിവകണ്ഠത്തിൽ പിടിച്ചു. വിഷം കഴുത്തിൽ വ്യാപിച്ച് ശിവൻ നീലകണ്ഠനായിത്തീര്‍ന്നു. അവസാനമാണ് ധന്വന്തരി അമൃതകുഭവുമായി എത്തുന്നത്. അമൃത് ഭക്ഷിച്ച് ദേവകൾ ശാപമുക്തരായി.
ശിവൻ കാളകൂടം ഭക്ഷിച്ചതിനെ അനുസ്മരിച്ചാണ് ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത് എന്നാണ് നിലവിലുള്ള സങ്കൽപം. അന്ന് ഉപവാസവും ഉറക്കമിളപ്പും വേണം. ശിവസ്തുതികൾ ജപിക്കണം. ഇപ്രകാരം ചെയ്താൽ പുണ്യം ല