നിരവധി ക്ഷേത്രങ്ങളും അതിനെല്ലാം പിന്നിൽ ഓരോ ഐതിഹ്യങ്ങളുമുള്ള നാടാണ് കേരളം. വൈവിധ്യമാർന്ന ക്ഷേത്രങ്ങളിൽ ചിലതിൽ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളും കാണാം. അത്തരത്തിൽ ശാസ്‌ത്രം പോലും അംഗീകരിച്ച ഒരു അത്ഭുതം നടക്കുന്ന ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ കരുമാടി കാമപുരം ശങ്കരനാരായണ ക്ഷേത്രം.
ഇവിടെ ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ ഒരു കൽവിളക്കുണ്ട്. അനുദിനം ഈ വിളക്ക് പിന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ അത്ഭുതം കാണാനായി ധാരാളംപേർ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ആലപ്പുഴയിലേക്ക് എത്താറുണ്ട്. കഴിഞ്ഞ 20 വർഷത്തിനിടെ ഒന്നര മീറ്റർ ദൂരം വിളക്ക് പിന്നോട്ട് നീങ്ങിയെന്നാണ് ക്ഷേത്ര ഭാരവാഹികളും സമീപവാസികളും സാക്ഷ്യപ്പെടുത്തുന്നത്. എന്തായാലും ഈ ആധുനിക യുഗത്തിൽ ഇങ്ങനെയൊരു അത്ഭുതം നടക്കുന്നത് ശാസ്‌ത്ര ലോകത്തെ പോലും ഞെട്ടിച്ച കാര്യമാണ്.
ക്ഷേത്രത്തിന്റെ ഐതിഹ്യം നൂറ്റാണ്ടുകൾക്ക് മുമ്പ് ഇതൊരു ശിവ വൈഷ്‌ണവ ക്ഷേത്രമായിരുന്നു. ഇന്ന് വൈഷ്‌ണവ ആരാധനയ്‌ക്കാണ് പ്രാധാന്യം നൽകുന്നത്. അക്കാലത്ത് വിദേശ ആക്രമണം ഉണ്ടായപ്പോൾ കൊള്ളയടിക്കപ്പെടാതെയിരിക്കാനായി ഇവിടുത്തെ സ്വര്‍ണക്കൊടിമരം ഇപ്പോഴത്തെ കൽവിളക്ക് ഇരുന്ന സ്ഥാനത്ത് കുഴിച്ചിട്ടു. ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഇവിടെ ഒരു കൽവിളക്ക് സ്ഥാപിച്ചുവെന്നുമാണ് വിശ്വാസം.പിന്നീട് കൽവിളക്കിന്റെ സ്ഥാനം മാറുന്നത് ശ്രദ്ധിയിൽപ്പെട്ടതോടെ ദേവപ്രശ്‌നം വച്ചു. ഈ കൽവിളക്ക് സ്ഥാനം മാറി തൊട്ടടുത്തുള്ള യക്ഷിയമ്പലത്തിന് സമീപം എത്തുമെന്നും അന്ന് സ്വർണക്കൊടിമരം ഉയർന്നു വരുമെന്നുമാണ് പ്രവചിച്ചത്.