അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് നമ്മുടെ ശരീരത്തിലെ പ്രധാന വില്ലനാണ്. കൊഴുപ്പ് കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് നമുക്ക് ചുറ്റിലും ഉള്ളത്. രാത്രി കിടക്കുന്നതിന് മുൻപായി ആരോഗ്യം മെച്ചപ്പെടുത്താനും സ്ട്രെസ്സ് കുറയ്ക്കാനും ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും കൊഴുപ്പ് ഇല്ലാതാക്കാനുമൊക്കെയായി ചില പാനീയങ്ങൾ കുടിക്കുന്നത് ഏറെ സഹായകമാകും. കൊഴുപ്പ് കുറയ്ക്കാൻ ഏറെ സഹായകമായ സാധനമാണ് ഉലുവ. ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും നമ്മെ സഹായകമാകും.
ഇളംചൂടുള്ള നാരങ്ങാവെള്ളം
നാരങ്ങയെന്നാൽ വിറ്റാമിൻ സി അടങ്ങിയ സാധനമാണ്. നാരങ്ങാവെള്ളം ഉണ്ടാക്കി കുടിക്കുന്നത് ഉപാപചയ പ്രവർത്തനം വർധിപ്പിക്കും. രാത്രി കിടക്കും മുൻപ് ഇളംചൂടു വെള്ളത്തിൽ നാരങ്ങാ ചേർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ദഹനം മെച്ചപ്പെടുത്താനും രാത്രി കൊഴുപ്പിനെ ഇല്ലാതാക്കാനുള്ള ശരീരത്തിന്റെ കഴിവ് കൂട്ടാനും സഹായിക്കും. ഒരു ആരോഗ്യവിദഗ്ദനെ കണ്ടുകൊണ്ട് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യസ്ഥിതി മാനിച്ച് നാരങ്ങാവെള്ളം ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
മഞ്ഞൾ ചേർത്ത പാൽ
മഞ്ഞളിലെ ആന്റി ഇൻഫ്ലമേറ്ററി സംയുക്തമായ കുർക്കുമിൻ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാൻ സഹായിക്കും. രാത്രിയിൽ ചൂടുള്ള പാൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ഇൻഫ്ലമേഷൻ അഥവാ വീക്കം കുറയ്ക്കുകയും രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും അതോടൊപ്പം കൊഴുപ്പ് കുറയാനും സഹായകമാകും.
കറുവാപ്പട്ട വെളളം
ആന്റിഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളവയാണ് കറുവപ്പട്ട. കറുവാപ്പട്ട ചേർത്ത ഇളം ചൂട് വെളളം രാത്രി കുടിക്കുന്നത് കാലറി ബേൺ ചെയ്യാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊഴുപ്പ് ശേഖരിക്കുന്നത് തടയാനും കറുവാപ്പട്ട വെളളം സഹായിക്കും.
കറ്റാർവാഴ ജ്യൂസ്
ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും സഹായിക്കുന്ന സാധനമാണ് കറ്റാർവാഴ. രാത്രി കിടക്കും മുൻപ് കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരത്തെ ക്ലെൻസ് ചെയ്യാനും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
അയമോദക വെള്ളം
ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും മികച്ചതാണ് അയമോദകം. രാത്രി ഉറങ്ങാൻ കിടക്കും മുൻപ് പതിവായി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.