ഇന്ന് ലോക പുഞ്ചിരിദിനം; മന്ദഹാസം മധുരിതമാക്കാൻ നിരവധിവഴികൾ …

Written by Web Desk1

Published on:

മനസ്സ് നിറഞ്ഞൊരു പുഞ്ചിരി കൊടുക്കാനും വാങ്ങാനും കഴിയുന്നതിനേക്കാള്‍ വലിയൊരു സന്തോഷം എന്താണുള്ളത്. പുഞ്ചിരി മെല്ലെ വിരിഞ്ഞ് ചിരിയായി മാറുന്നതോടെ, നിങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന ബുദ്ധിമുട്ടുകളും ആശങ്കകളുമൊക്കെ അല്‍പനേരത്തേക്കെങ്കിലും കളമൊഴിയും. ചെറിയൊരു സന്തോഷം മനസ്സില്‍ നിറയും. ലോക പുഞ്ചിരി ദിനമാണ് ഇന്ന്. ഒക്ടോബര്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് പുഞ്ചിരിദിനമായി ആഘോഷിക്കുന്നത്. കാരുണ്യമുള്ള ഒരു കാര്യം ചെയ്യൂ, ഒരാളെ പുഞ്ചിരിക്കാന്‍ സഹായിക്കൂ എന്നാണ് ഇക്കൊല്ലത്തെ പുഞ്ചിരി ദിനത്തിന്റെ തീം.

മനോഹരമായി പുഞ്ചിരിക്കാന്‍ കഴിയുക എന്നത് ഒരു കഴിവാണ്. നമ്മളിലെ പോസിറ്റിവിറ്റിയെ മറ്റൊരാളിലേക്കുകൂടി പകരാനുള്ള കഴിവ്. മാത്രമല്ല, മാനസിക സംഘര്‍ഷം കുറയ്ക്കാനും ആയുര്‍ദൈര്‍ഘ്യം കൂട്ടാനും രക്തസമ്മര്‍ദം കുറയ്ക്കാനുമൊക്കെ ചിരി സഹായിക്കും. ഇനി മനോഹരമായ ഒരു പുഞ്ചിരിയുടെ പിന്നിലേക്ക് കടക്കാം. മുഖത്തിന്റെ ആകൃതി, ചുണ്ടുകളുടെ വളവ്, പല്ലുകളുടെ ആകൃതിയും നിറവും വിന്യാസവും, മോണയുടെ ആരോഗ്യം അങ്ങനെ നിരവധി ഘടകങ്ങളാണ് പുഞ്ചിരിയുടെ മധുരം നിര്‍ണയിക്കുക.

ചിരി മനോഹരമാക്കാം
ചിരിയെ കൂടുതല്‍ മനോഹരവും ആകര്‍ഷകവുമാക്കാന്‍ സഹായിക്കുന്ന ശാസ്ത്രശാഖയാണ് കോസ്‌മെറ്റിക് ഡെന്റിസ്ട്രി. മേല്‍ത്താടിയുടെയും കീഴ്ത്താടിയുടെയും വലിപ്പ വ്യത്യാസം, താടിയെല്ലുകള്‍ക്കുള്ള ചെരിവ് തുടങ്ങിയവയായിരിക്കും ചിലരുടെ പ്രശ്‌നം. ഇതിനെ ഓര്‍ത്തോഗ്നാതിക് ശസ്ത്രക്രിയയുടെയും മറ്റും സഹായത്തോടെ പരിഹരിക്കാവുന്നതാണ്.

വെനീറുകള്‍
വളരെ നേര്‍ത്ത സിറാമിക് പാളികള്‍ മുന്‍വരി പല്ലുകളുടെ കാഴ്ച ഭാഗത്ത് ഒട്ടിച്ചുവെക്കുന്ന ചികിത്സയാണ് വെനീറിങ്. ആവശ്യമുള്ള ആകൃതിയും നിറവും തിളക്കവും പല്ലിന് ഈ നൂതന ചികിത്സയിലൂടെ ലഭ്യമാകുന്നു. പൊട്ടിയതും തേഞ്ഞതും കേടുവന്നതുമായ പല്ലുകള്‍ വെനീറുകള്‍ ഉപയോഗിച്ച് മനോഹരമാക്കാം. ഒരുപരിധിവരെ നിരയില്‍നിന്ന് പൊങ്ങിയതും താഴ്ന്നതും ചെരിഞ്ഞതുമായ പല്ലുകള്‍ വരെ ഇവ ഉപയോഗിച്ച് നേരെയാക്കാം.

സിറാമിക് കവറുകളും വെനീറുകളെ പോലെ ഇത്തരം സാഹചര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. വെനീറുകള്‍ കാഴ്ചവശം മാത്രം ആവരണം ചെയ്യുമ്പോള്‍, കവറുകള്‍ അതിന്റെ എല്ലാ വശങ്ങളും ആവരണം ചെയ്യുന്നു. കേടുവന്ന പല്ലുകളെയും തേയ്മാനം വന്ന പല്ലുകളെയും കോമ്പസീറ്റുകള്‍ ഉപയോഗിച്ചും ചികിത്സിക്കാം. പക്ഷേ, കോമ്പസിറ്റ് റസിനുകള്‍ സിറാമിക് വെനീറുകളുടെയോ കവറുകളുടെയോ അത്ര ഈടുനില്‍ക്കില്ല.

See also  നാട്ടുകാരുടെ ഉറക്കം കെടുത്തിയ കള്ളൻ പിടിയിൽ… പകൽ മാന്യൻ; രാത്രി സ്വഭാവം വേറെ…

Leave a Comment