എത്ര പല്ലു തേച്ചാലും വൃത്തിയാക്കിയാലും പിന്നെയും പെരുകുന്നത്ര ദശലക്ഷക്കണക്കിന് ബാക്ടീരിയകളാണ് നമ്മുടെയെല്ലാം വായയ്ക്കുള്ളിലുള്ളത്. 700 ഓളം സ്പീഷീസുകളിലെ ബാക്ട്‌രിയകൾ നമ്മുടെ വായ്ക്കുള്ളിൽ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇവയെല്ലാം നമ്മുടെ പല്ലിലും നാവിലും മോണയിലുമൊക്കെയായി സസുഖം ജീവിക്കുന്നു.

പലപ്പോഴും ഈ അണുക്കൾ പല്ലിനെയും മോണയെയുമെല്ലാം ബാധിക്കുകയും പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യാറുണ്ട്. പല്ലിന്റെ ഇനാമൽ തിന്നുതുടങ്ങുന്ന ഇവ ജീവിതകാലം മുഴുവൻ നീണ്ടു നീൽക്കുന്ന ദന്ത രോഗങ്ങൾ നമുക്ക് സമ്മാനിക്കാറുണ്ട്. ഇത്തരത്തിൽ വായിൽ മാത്രം പ്രശ്‌നങ്ങൾ നൽകി ഒതുങ്ങിക്കൂടുന്നവരാണ് ഇത്തരം ബാക്ടീരിയകൾ എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി…
ദന്ത പ്രശ്‌നങ്ങൾക്ക് പുറമേ ശരീരത്തിലും പലതരത്തിലുള്ള രോഗാവസ്ഥയ്ക്ക് ഇവ കാരണമാകാറുണ്ട്. അൽഷിമേഴ്‌സ് എന്നറിയപ്പെടുന്ന മറവി രോഗത്തിനും തലയിൽ പലഭാഗത്തും കഴുത്തിലും വന്നുകൂടുന്ന പല കാൻസറുകൾക്കും ഈ ബാക്റ്റീരിയ കാരണമാകും. ഇത്തരം രോഗങ്ങളുള്ളവരിൽ വായിലെ ചിലതരം ബാക്റ്റീരിയകളുടെ എണ്ണം കൂടുതലാണെന്ന് പണ്ടുമുതലേ ആരോഗ്യവിദഗ്ധരുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ്. എന്നാൽ, ഇവ തമ്മിലുള്ള ബന്ധത്തെ കുറിച്ച് വ്യക്തമായ ബന്ധം കിട്ടിയിരുന്നില്ല.

എന്നാൽ, ഇപ്പോഴിതാ.. വായിലെ ചില ബാക്റ്റീയകളുടെ ആക്രമണം കാൻസറും അൽഷിമേഴ്‌സും പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പഠനം തെളിയിച്ചിരിക്കുകയാണ്.
ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ഡോ. ക്വാക്കും സംഘവും ആണ് ഈ സുപ്രധാന നീരീക്ഷണത്തിന് പിന്നിൽ. പത്തുപതിനഞ്ച് കൊല്ലങ്ങളോളം, ഒന്നരലക്ഷത്തിലധികം ആളുകളുടെ ഉമിനീർ സാമ്പിളുകൾ ശേഖരിച്ച് അവരിൽ കാൻസർ വരുന്നത് നിരീക്ഷിച്ചുകൊണ്ടാണ് കണ്ടെത്തൽ നടത്തിയത്. ഇവരിൽ പലർക്കും പലതരത്തിലുള്ള കാൻസർ പിടിപെട്ടതായി ഗവേഷക സംഘം പറയുന്നു. പരീക്ഷണത്തിൽ, മൂക്കിലും തൊണ്ടയിലും വായിലും വരുന്ന കാൻസർ പിടിപെട്ടവരുടെ ഉമിനീരിൽ 13 സ്പീഷീസ് നിശ്ചിത ബാക്ടീരിയയുടെ തോത് വളരെക്കൂടുതലായി കാണപ്പെട്ടു. അതിൽ ചിലത് മോണരോഗങ്ങളുമായി ബന്ധപ്പെട്ടവയുമായിരുന്നുവെന്ന് സംഘം വ്യക്തമാക്കി.

സാധാരണ കാൻസർ വ്യാപനം പോലെ തന്നെ കോശവിഭജനത്തെ ബാധിച്ചുകൊണ്ടുതന്നെയാണ് ഈ ബാക്ടീരിയ കാൻസറിനു വളംവെക്കുന്നത്. വായിലെ ബാക്ടീരിയയിൽ ചില സ്പീഷീസുകൾ കോശവിഭജനത്തെ ത്വരപ്പെടുത്തുന്ന ജീനുകളെ സദാ ഉണർത്തിനിർത്തുകയും കാൻസർകോശങ്ങളുടെ പൊതുസ്വഭാവമായ പടർന്നുകയറൽ, പരസ്പരം പറ്റിപ്പിടിക്കാതിരിക്കൽ ഒക്കെ അനുവദിക്കുന്ന ജീനുകളെ സ്വാധീനിക്കുകയും ചെയ്യുന്നു. ഈ ബാക്റ്റീരിയയിൽ ഫ്യൂസോബാക്ടീരിയം എന്ന വർഗം, കാൻസർകോശങ്ങളെ തടയുന്ന നമ്മുടെ പ്രതിരോധശക്തിയെ തന്നെ തടയുന്നു. ഇതുവഴി കാൻസർ കോശങ്ങളുടെ ശത്രുക്കളായ പ്രതിരോധ ശക്തിയെ അവ ഇല്ലാതാക്കുന്നു. എന്നാൽ, ഇതിൽ, ഓർക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ, വായിലെ ഇത്തരം ബാക്റ്റീരിയകൾ മാത്രം കാരണം സംഭവിക്കുന്നതല്ല. ഇക്കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നും ഗവേഷക സംഘം വ്യക്തമാക്കുന്നുണ്ട്.
എന്നാൽ, രേത്തെ പറഞ്ഞ അതേ ഫ്യൂസോബാക്ടീരിയം ഇനത്തിലെ ബാക്റ്റീരിയ കാൻസർ ചികിത്സയിൽ സഹായകമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. അതായത്, ഇത്തര ം ബാക്റ്റീരിയകൾ ധാരളം ഉള്ള വ്യക്തികൾ ചികിത്സയോട് കൂടുതൽ പ്രതികരിക്കുന്നു. അതിനർത്ഥം, നമ്മുടെ വായിൽ ജീവിക്കുന്ന ബാക്റ്റീരിയകളിൽ നമ്മുടെ ശത്രുക്കളാര് മിത്രങ്ങളാര് എന്ന കണ്ടെത്താൻ ഇനിയും പഠനങ്ങൾ ആവശ്യമാണ്.
കാൻസർ മാത്രമല്ല, അൽഷിമേഴ്‌സ് രോഗത്തിനും ഇത്തരം ബാക്റ്റീരിയകൾ കാരണമാകുന്നുണ്ട്. തലച്ചോറിൽ നീർവീക്കം സംഭവിക്കുക, തലച്ചോറിലെ ന്യൂറോണുകൾക്കുള്ളിൽ നാരുകളുടെ കെട്ടുപിണയലുകൾ സംഭവിക്കുക, ന്യൂറോണുകൾക്കിടയിൽ കട്ടിയുള്ള പൊറ്റകൾ രൂപാന്തരപ്പെടുക ഒക്കെയാണ് അൽഷിമേഴ്‌സ് അസുഖത്തിന്റെ ഉൾലക്ഷണങ്ങൾ. മറവി, അവബോധമില്ലായ്മ ഇവയ്ക്കൊക്കെ കാരണവും ഇത്തരം പ്രശ്‌നങ്ങളാണ്. നമ്മുടെ പ്രതിരോധ ശക്തി എന്തിനെയോ തടയാൻ ശ്രമിക്കുന്നതിന്റെ പരിണിത ഫലമായാണ് ന്യൂറോണുകൾക്കും അവയ്ക്കിടയിലും സംഭവിക്കുന്ന ഈ ക്ഷതങ്ങൾക്ക് കാരണമാകുന്നത്. വായിലെയും കുടലിലെയും ബാക്ടീരിയയോ അവയുടെ അംശങ്ങളോ തലച്ചോറിൽ എത്തുമ്പോൾ അവയെ തടയാനുളള്ള ശ്രമമായിരിക്കാം പ്രതിരോധ ശേഷി നടത്തുന്നതെന്ന് ആണ് ഇപ്പോഴത്തെ പഠനം വ്യക്തമാകുന്നത്.
വായിലെ ചെറിയമുറിവ്, മോണരോഗം ഈ വഴിയൊക്കെ രക്തത്തിൽ കലരുന്ന ബാക്ടീരിയയുടെ പ്രോട്ടീനുകൾ തലച്ചോറിൽ എത്തുകയും ഇത് നീർവീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. തലച്ചോറിന്റെ പ്രതിരോധക്കോട്ടകളിൽ വിള്ളലുകൾ വന്നുഭവിക്കുന്നു, ബാക്ടീരിയതന്നെ അകത്തുകടക്കുന്നു. ഇത് തലച്ചോർ പ്രവർത്തനങ്ങളെത്തന്നെ ബാധിക്കുകയും പൊറ്റകൾ സംജാതമാക്കുകയും ചെയ്യുന്നു.
‘ജിൻജിവാലിസ്’ എന്നൊരു ബാക്ടീരിയ അധികമായി അൽഷിമേഴ്‌സ് ബാധിതരുടെ തലച്ചോറിൽ കാണാറുണ്ട്. വായിലെ പ്രശ്നങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനങ്ങളെയും ബാധിക്കാറുണ്ട്. ചില ബാക്ടീരിയയുടെ എണ്ണം വായിൽ ക്രമാതീതമായി കൂടിയാൽ അവ ഹൃദയത്തിലെത്തി വാൽവുകളുടെ പണി മുടക്കാനും കാരണമായേക്കാം. അതുകൊണ്ട് തന്നെ മോണരോഗം വന്നാൽ ഉടൻ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.