ശരീരത്തിന്‍റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട മൂന്ന് മാക്രോ ന്യൂട്രിയൻ്റുകളിൽ ഒന്നാണ് പ്രോട്ടീൻ. (Protein is one of the three most important macronutrients for the healthy functioning of the body.) ടിഷ്യൂകളുടെ നിർമ്മാണം, എൻസൈമുകളുടെയും ഹോർമോണുകളുടെയും ഉത്പാദനം, ഊർജ്ജ ഉത്പാദനം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രോട്ടീൻ കൂടിയേ തീരൂ. രോഗപ്രതിരോധ പ്രവർത്തനം, ദഹനം, മെറ്റബോളിസം, സെല്ലുലാർ റിപ്പയർ തുടങ്ങിയ പ്രക്രിയകൾക്കും ഇത് അത്യന്താപേക്ഷിതമാണ്.
മെറ്റബോളിസം ആരോഗ്യകരമായി നിലനിർത്താനും അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാനും വളരെയധികം സഹായിക്കുന്നവയാണ് പ്രോട്ടീനുകൾ. എന്നാൽ പ്രോട്ടീനിന്‍റെ അഭാവം ഉണ്ടാകുമ്പോൾ പലതരം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത് സാധാരണയാണ്. അവ എന്തൊക്കെയെന്ന് നോക്കാം.
ക്ഷീണം
![](https://taniniram.com/wp-content/uploads/2025/02/image-57.png)
ശരീരത്തിലെ ഒരു സുപ്രധാന ഊർജ്ജ സ്രോതസാണ് പ്രോട്ടീൻ. പ്രോട്ടീനിന്‍റെ അഭാവം ഉണ്ടാകുമ്പോൾ ക്ഷീണം, ബലഹീനത എന്നിവ അനുഭവപ്പെട്ടേക്കാം.
മുടികൊഴിച്ചിൽ
![](https://taniniram.com/wp-content/uploads/2025/02/image-58.png)
മുടി ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പ്രോട്ടീൻ. ശരീരത്തിൽ പ്രോട്ടീനിന്‍റെ കുറവുണ്ടാകുമ്പോൾ മുടി കൊഴിച്ചിൽ, മുടിയുടെ ഉള്ളു കുറയൽ, നിറം മങ്ങൽ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും.
ചർമ്മ പ്രശ്‌നങ്ങൾ
![](https://taniniram.com/wp-content/uploads/2025/02/image-59.png)
പ്രോട്ടീനിന്‍റെ കുറവുണ്ടാകുമ്പോൾ ചർമ്മ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സാധാരണയാണ്. ചർമ്മത്തിൽ ചുവന്ന പാട്, തൊലി പൊളിഞ്ഞിളകൽ, ചർമ്മത്തിലെ നിറവ്യത്യാസം, വരണ്ട ചർമ്മം എന്നിവയെല്ലാം പ്രോട്ടീനിന്‍റെ അഭാവം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്. നഖങ്ങളുടെ ആരോഗ്യത്തെയും ഇത് ബാധിക്കും. നഖം പൊട്ടാനും കൊഴിഞ്ഞ് പോകാനും ഇത് ഇടയാക്കും.
പേശി ക്ഷയം
![](https://taniniram.com/wp-content/uploads/2025/02/image-60.png)
പേശികളുടെ വളർച്ചയ്ക്കും പുനരുദ്ധാരണത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് പ്രോട്ടീൻ. ഇതിന്‍റെ അഭാവം പേശികളുടെ നഷ്‌ടത്തിലേക്ക് നയിക്കും. പേശികളുടെ ശക്തി കുറയുന്നതിനും ഇത് കാരണമാകും.
ദുർബലമായ രോഗപ്രതിരോധ സംവിധാനം
![](https://taniniram.com/wp-content/uploads/2025/02/image-61.png)
ആൻ്റിബോഡികളും ടി-സെല്ലുകളും പോലുള്ള രോഗപ്രതിരോധ കോശങ്ങളുടെ ഉൽപാദനത്തിന് നിർണായക പങ്ക് വഹിക്കുന്നവയാണ് പ്രോട്ടീൻ. അതിനാൽ പ്രോട്ടീൻ്റെ കുറവ് രോഗപ്രതിരോധ പ്രവർത്തനത്തെ തടസപ്പെടുത്തുകയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ പറയുന്നു.
മുറിവ് ഉണങ്ങൽ പ്രക്രിയ വൈകുക
![](https://taniniram.com/wp-content/uploads/2025/02/image-62.png)
പ്രോട്ടീൻ കുറവുള്ള വ്യക്തികളിലെ മുറിവ് ഉണങ്ങാൻ കൂടുതൽ സമയം എടുക്കുന്നതായി ദി അമേരിക്കൻ ജേണൽ ഓഫ് സർജറിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ടിഷ്യു നന്നാക്കുന്നതിനും കൊളാജൻ ഉൽപാദനത്തിനും പ്രോട്ടീൻ അത്യന്താപേക്ഷിതമായതിനാൽ പ്രോട്ടീൻ്റെ കുറവ് മുറിവ് ഉണക്കുന്നത് വൈകിപ്പിക്കും.
നീര്
![](https://taniniram.com/wp-content/uploads/2025/02/image-63.png)
കൈകളിലും കാലുകളിലും അസാധാരണമായി നീര് കാണപ്പെടുന്നതും പ്രോട്ടീനിന്‍റെ അഭാവത്തെ സൂചിപ്പിക്കുന്നു. സന്ധിവേദന, എല്ലുകൾ പൊട്ടുക, എല്ലുകൾ ദുർബലമാകുക തുടങ്ങിയ പ്രശ്‌നങ്ങളും പ്രോട്ടീനിന്‍റെ കുറവ് മൂലം ഉണ്ടായേക്കാം.