ഒട്ടുമിക്ക ആളുകളുടേയും ഇഷ്ടഭക്ഷണമാണ് കൂണ്‍. നാം കണ്ടെത്തിയിട്ടുള്ളതനുസരിച്ച് ഏകദേശം 1,600 കൂണ്‍ ഇനങ്ങളുണ്ട്, എന്നാല്‍ ഇവയില്‍ 100 എണ്ണം മാത്രമേ ഭക്ഷ്യയോഗ്യമായി അംഗീകരിക്കപ്പെട്ടിട്ടുള്ളൂ. ഇതില്‍ത്തന്നെ 33 ഇനം ലോകമെമ്പാടും ഉപഭോഗത്തിനായി കൃഷി ചെയ്യുന്നു. പല സംസ്‌കാരങ്ങളും നൂറ്റാണ്ടുകളായി കൂണ്‍ ഉപയോഗിച്ചിട്ടുണ്ട്. റോമാക്കാര്‍ കൂണ്‍ ‘ദൈവത്തിന്റെ ഭക്ഷണം’ ആയി കണക്കാക്കുകയും ചൈനക്കാര്‍ അവയെ ജീവന്റെ അമൃതമായി കണക്കാക്കുകയും ചെയ്തു.
വെളുത്ത പച്ചക്കറി എന്ന് വിശേഷിപ്പിക്കുന്ന കൂണില്‍ കലോറി കുറവാണ്. കൂടാതെ ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍, ബി വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുള്‍പ്പെടെ നിരവധി പോഷകങ്ങളുടെ കലവറയുമാണ് കൂണ്‍. അള്‍ട്രാവയലറ്റ് വികിരണം ഏല്‍ക്കുന്ന കൂണ്‍ വിറ്റാമിന്‍ ഡിയുടെ സമൃദ്ധമായ ഉറവിടം കൂടിയാണ്.

ഭക്ഷ്യയോഗ്യമായ കൂണ്‍ കഴിക്കുന്നത് കുടലിന്റെയും മസ്തിഷ്‌കത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ചില അര്‍ബുദങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കെതിരായ സംരക്ഷണവും ഉള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു.
ആന്റി-ഇന്‍ഫ്‌ലമേറ്ററി ഭക്ഷണങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കൂണ്‍. സ്വയം രോഗപ്രതിരോധ അവസ്ഥകളുമായും ഹൃദ്രോഗം, കാന്‍സര്‍, അല്‍ഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ട് ശരീരത്തിലെ വിട്ടുമാറാത്ത വീക്കം കുറയ്ക്കാനും കൂണ്‍ ഉപയോഗത്തിലൂടെ കഴിയും.
കൂണില്‍ കാണപ്പെടുന്ന നിരവധി ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഇഫക്റ്റുകള്‍ പ്രകടിപ്പിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് നിരവധി രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കും. ഇവയില്‍ ബീറ്റാ-ഗ്ലൂക്കന്‍സ് ഉള്‍പ്പെടുന്നു, ഇത് വ്യവസ്ഥാപരമായ ദീര്‍ഘകാല വീക്കവുമായി ബന്ധപ്പെട്ട പ്രോ-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങളെ നിയന്ത്രിക്കുന്നു.

കൂണില്‍ കലോറി കുറവാണ്. കൂണിലെ സ്വാഭാവിക സംയുക്തങ്ങള്‍ ദഹനനാളത്തില്‍ നിന്ന് രക്തപ്രവാഹത്തിലേക്ക് ഗ്ലൂക്കോസ് (പഞ്ചസാര) ആഗിരണം ചെയ്യുന്നത് തടയുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പാന്‍ക്രിയാറ്റിക് പ്രവര്‍ത്തനവും ഇന്‍സുലിന്‍ റിലീസും മെച്ചപ്പെടുത്താനും അവയ്ക്ക് കഴിയും. അതുകൊണ്ടുതന്നെ പ്രമേഹ രോഗികളുടെ ഡയറ്റിലും കൂണ്‍ ഉള്‍പ്പെടുത്താം.
അമിതവണ്ണത്തെ ചെറുക്കാന്‍ കൂണ്‍ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കുന്നതിനെ ഗുണപരമായി ബാധിക്കുന്ന നിരവധി സവിശേഷതകള്‍ കൂണിനുണ്ട്. അവയില്‍ കലോറി കുറവാണ്, മാത്രമല്ല ചവയ്ക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതുകൊണ്ടുതന്നെ അമിതമായി ഭക്ഷണം കഴിക്കാനാകാതെ വരും. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂണ്‍ മാംസത്തിന് പകരമായും ഉപയോഗിക്കാം.

കൂണുകള്‍ വാങ്ങുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം അത് ഭക്ഷ്യയോഗ്യമാണ് എന്ന് ഉറപ്പുവരുത്തുക എന്നതാണ്. വിശ്വാസമുള്ള ആളുകളില്‍ നിന്നും അല്ലെങ്കില്‍ കടകളില്‍ നിന്നും മാത്രം കൂണ്‍ വാങ്ങി ഉപയോഗിക്കുക.