ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിൽ എല്ലാവരും ജാഗ്രത പുലർത്തുന്ന കാലമാണിത്. കഴിക്കുന്ന ഭക്ഷണത്തിലും വ്യായാമത്തിലും ഒക്കെ കൃത്യമായ ചിട്ട പിന്തുടരുന്ന ഫിറ്റ്നസ് ഫ്രീക്കുകൾ ഉള്ള ഇക്കാലത്ത് എല്ലാ ഭക്ഷണ സാധനങ്ങളും വിലയിരുത്തലിന് പാത്രമാകാറുണ്ട്. അവയുടെ ആരോഗ്യ ഗുണങ്ങൾ, ദോഷങ്ങൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ കൃത്യമായി മനസിലാക്കി മാത്രമാണ് പലരും അവ കഴിക്കുന്നത് പോലും.

അതിന്റെ പ്രധാന കാരണം അമിതമായി ഉയർന്നുവരുന്ന ജീവിതശൈലി രോഗങ്ങളാണ്. ഇതിന് ഭക്ഷണങ്ങളുടെ പങ്ക് വളരെ വലുതാണ്. അത്തരത്തിൽ നമ്മൾ നിത്യജീവിതത്തിൽ പ്രധാനമായും ഉപയോഗിക്കുന്ന ഭക്ഷ്യ പദാർത്ഥങ്ങളിൽ മുൻ പന്തിയിലുള്ള ഒന്നാണ് പഞ്ചസാര. അതില്ലാതെ മലയാളികൾക്ക് ജീവിക്കാൻ പോലും കഴിയില്ലെന്നതാണ് യാഥാർഥ്യം.
ചായയിൽ ആയാലും കാപ്പിയിൽ ആയാൽ മധുരം ചേർക്കാതെ മലയാളികൾ കഴിക്കാറില്ല. അതിന് പഞ്ചസാര കഴിക്കാൻ വിലക്കുള്ളവർക്കും ഇഷ്‌ടമില്ലാത്തവർക്കും വേണ്ടി വിപണിയിലുള്ള മറ്റൊരു വസ്‌തുവാണ് ശർക്കര. ഇതും മധുരം കഴിക്കാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്‌ട വിഭവമാണ്. ഇവയിൽ ഏതാണ് മികച്ചതെന്നാണ് ചോദ്യം. ഒറ്റവാക്കിൽ ഉത്തരമില്ലെങ്കിലും ചില കാര്യങ്ങൾ നമുക്ക് പരിശോധിച്ചാൽ മനസിലാവും.

പഞ്ചസാര: പഞ്ചസാര വിപുലമായ പ്രോസസിംഗിന് വിധേയമാകുന്ന ഭക്ഷ്യ പദാർത്ഥങ്ങളിൽ ഒന്നാണ്, എല്ലാ വിറ്റാമിനുകളും ധാതുക്കളും ഇതിൽ നിന്ന് നീക്കം ചെയ്യുന്നു. അവശ്യ പോഷകങ്ങളൊന്നും തന്നെ പഞ്ചസാര നമുക്ക് നൽകുന്നില്ല, മാത്രമല്ല കലോറി ഉപഭോഗം വർദ്ധിപ്പിക്കുകയും ശരീരഭാരം കൂടാൻ കാരണമാവുകയും ചെയ്യുന്ന ഒന്നാണ് പഞ്ചസാര. പഞ്ചസാരയുടെ അമിത ഉപയോഗം ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും, ഇത് ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന കാരണക്കാരിൽ ഒന്നാണ്.

ശർക്കര: ശർക്കരയുടെ കുറഞ്ഞ സംസ്‌കരണം കാരണം ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളാൽ ഇത് സമ്പുഷ്ടമാണ്. ഇത് പഞ്ചസാരയെ അപേക്ഷിച്ച് ശർക്കരയെ മൈക്രോ ന്യൂട്രിയന്റുകളുടെ മികച്ച ഉറവിടമാക്കുന്നു. സമ്പന്നമായ ആന്റി ഓക്‌സിഡന്റ് സാന്നിധ്യം കാരണം ശർക്കര അതിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ടതാണ്.
എന്നാൽ ഇതിനുമുണ്ട് ചില ദോഷങ്ങൾ. പോഷക സമൃദ്ധമാണെങ്കിലും, ശർക്കര അപ്പോഴും ധാരാളം കലോറി അടങ്ങിയതാണ്, അമിതമായി കഴിച്ചാൽ ശരീരഭാരം വർധിപ്പിക്കും. ശുദ്ധീകരിച്ച പഞ്ചസാരയേക്കാൾ കുറവാണെങ്കിലും, ശർക്കര രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും, അധികമായ അളവിൽ കഴിക്കാതിരിക്കുക എന്നതാണ് മാർഗം.
എതാണ് ഗുണകരം?
ആരോഗ്യ ഗുണങ്ങൾ എടുത്തു നോക്കുമ്പോൾ എന്തുകൊണ്ട് ശർക്കരയ്ക്ക് ഒരു മേൽക്കൈ ഉണ്ടെന്ന് നമുക്ക് കാണാം. അതിലെ പോഷക സമൃദ്ധമായ ഉള്ളടക്കം നിങ്ങൾക്ക് ഗുണമാകും, എങ്കിലും കുറഞ്ഞ അളവിൽ മാത്രം കഴിക്കാൻ ശ്രമിക്കുക. അധികമായാൽ ഇതും പഞ്ചസാര പോലെ പ്രമേഹത്തിന് കാരണമാകുന്ന ഘടകമാണ്.