മിക്ക സ്ത്രീകളിലും കാണുന്ന പ്രശ്നമാണ് ക്രമരഹിതമായ ആർത്തവം. ആർത്തവ ദിനങ്ങൾ ഏറെ പ്രയാസം നിറഞ്ഞതാണെങ്കിലും കൃത്യ സമയത്ത് വന്നില്ലെങ്കിൽ അത് കൂടുതൽ അസ്വസ്ഥതകളുണ്ടാക്കാം.ചിലർക്ക് ദേഷ്യവും, അസ്വസ്ഥതയും വലിയ രീതിയിൽ അനുഭവപ്പെടും. ശരീരത്തിന് ആയാസം തോന്നിക്കുകയും ഒരു കാര്യത്തിലും ശ്രദ്ധ നൽകാൻ കഴിയാത്ത അവസ്ഥയുമുണ്ടാകും. പൊതുവേ ശാന്തരായവർപോലും ആർത്തവ ക്രമക്കേടുകൾ കാരണം മറ്റുള്ളവരോട് ദേഷ്യത്തിൽ പെരുമാറുന്നതിന് ഇടയാക്കും.
ക്രമരഹിതമായ രക്തസ്രാവം എന്നത് ആർത്തവചക്രത്തിലെ വ്യതിയാനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ചില ഏറ്റക്കുറച്ചിലുകൾ സാധാരണമായിരിക്കാം. പ്രത്യേകിച്ച് പ്രായപൂർത്തിയാകുമ്പോഴോ ആർത്തവവിരാമം അടുക്കുമ്പോഴോ ആർത്തവം ക്രമം തെറ്റാമെന്ന് ലീലാവതി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. മാൻസി മേധേക്കർ പറയുന്നു.ക്രമരഹിതമായ രക്തസ്രാവത്തിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും വ്യത്യസ്ത പ്രായക്കാർക്കിടയിൽ ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ക്യൂറിയസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.16 വയസ്സ് വരെ ക്രമരഹിതമായ ആർത്തവചക്രങ്ങൾ സാധാരണമാണ്.
ആരോഗ്യകരമായ പ്രത്യുത്പാദന വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിന് സമീകൃതാഹാരം, മതിയായ ഉറക്കം, വ്യായാമം എന്നിവയുൾപ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടത് നിർണായകമാണ്. ക്രമരഹിതമായ ആർത്തവം തുടരുകയാണെങ്കിൽ അല്ലെങ്കിൽ മറ്റ് ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഗൈനക്കോളജിസ്റ്റ് കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്. ക്രമരഹിതമായ ആർത്തവത്തിന്റെ പൊതുവായ കാരണങ്ങളെ കുറിച്ച് ഡോ. മാൻസി മേധേക്കർ പറയുന്നു…
ഒന്ന്
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്), തൈറോയ്ഡ് തകരാറുകൾ, ഓറൽ ഗർഭനിരോധന മാർഗ്ഗങ്ങളുടെ ക്രമരഹിതമായ ഉപയോഗം തുടങ്ങിയ അവസ്ഥകൾ ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തിയേക്കാം.
രണ്ട്
ഡെർമോയിഡ് സിസ്റ്റുകൾ അല്ലെങ്കിൽ സിസ്റ്റഡെനോമകൾ പോലുള്ള അവസ്ഥകൾ ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകും.
മൂന്ന്
ഗർഭധാരണത്തിനു ശേഷം ആർത്തവ ക്രമക്കേടുകൾ ഉണ്ടാകാം. അത് ഗർഭഛിദ്രം കൊണ്ടോ പ്രസവം കൊണ്ടോ ആകാം.
നാല്
ജീവിതശൈലിയിലെ ചില മാറ്റങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും ഇത് രക്തസ്രാവം ഉണ്ടാകാൻ കാരണമാകും.
അഞ്ച്
ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് പിരീഡ്സ് കൃത്യമല്ലാതാകാൻ കാരണമാകും. എല്ലാ ദിവസവും ഏകദേശം ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുന്നത് ശരീരത്തിനും മനസിനും വളരെ നല്ലതാണ്.
ആറ്
എണ്ണയിൽ വറുത്തെടുത്ത ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, അമിതമായ പഞ്ചസാര ഉപയോഗം എന്നിവ ശരീരത്തെ എല്ലാ രീതിയിലും ബാധിക്കാം. പ്രത്യേകിച്ച് ആർത്തവ സംബന്ധമായ കാര്യങ്ങളെ. ആരോഗ്യകരമായ ശരീരത്തിൽ മാത്രമാണ് ആർത്തവം കൃത്യാമായി നടക്കുന്നത്.
ഏഴ്
മനസിനെയും ശരീരത്തെയും ഒരുപോലെ ബാധിയ്ക്കുന്നതാണ് സമ്മർദ്ദം. ശരീരത്തിൻറെ കൃത്യമായ പ്രവർത്തന രീതിയുടെ താളം മാറുന്നതോടെ ആർത്തവവും കൃത്യതയില്ലാതെ സംഭവിയ്ക്കാൻ തുടങ്ങും.