മുടിയുടെ ആരോഗ്യം നിലനിർത്താൻ ആന്റി ഓക്സിഡന്റുകൾ (Antioxidants) അത്യാവശ്യമാണ്. ഇവ സൂര്യാഘാതത്തിൽ നിന്നും പാരസ്ഥിതിക സമ്മർദ്ദങ്ങളിൽ നിന്നും മുടിയിഴകളെ സംരക്ഷിക്കുന്നുവെന്ന് മാത്രമല്ല രക്തചംക്രമാണം വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മുടിയെ സ്നേഹിക്കുന്നവർ ആന്റി ഓക്സിഡന്റുകൾ കൃത്യമായി ശരീരത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. മുടിയുടെ വളർച്ചയ്‌ക്ക് സഹായിക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ചില ഭക്ഷണങ്ങൾ ഇന്ന് പരിചയപ്പെടാം.
സ്ട്രോബറി-ചിലർ ഇവയുടെ രുചി അത്ര പെട്ടെന്ന് ഇഷ്ടപ്പെടില്ല. എന്നാൽ പോഷകങ്ങളുടെ കലവറയാണ് സ്ട്രോബറി. ഫൈബർ, വിറ്റാമിൻ സി എന്നിവയുടെ ഉറവിടമായ ഈ കുഞ്ഞൻപഴത്തിൽ പഞ്ചസാരയും കലോറിയും കുറവാണ് എന്നതാണ് മറ്റൊരു പ്രധാന ഗുണം.മുടി വളർച്ചയ്ക്ക് ആവശ്യമായ കൊളാജൻ ഉത്പാദിപ്പിക്കാനും ഇവ സഹായിക്കും.ഇവയിലടങ്ങിയ സിലിക്ക മുടി ഞരമ്പുകളെ ശക്തിപ്പടുത്തുകയും ചെയ്യുന്നു.
മുട്ട-ബയോട്ടിൻ, പ്രോട്ടീൻ, കോളിൻ, ഇരുമ്പ്, വിറ്റാമിനുകൾ എ, ഡി, ബി 12, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിങ്ങനെ മുടി വളരാൻ ആവശ്യമായ പോഷകങ്ങളെല്ലാം കൊണ്ട് സമ്പന്നമാണ് മുട്ട. ദിവസവും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ യാതൊരു മടിയും കാണിക്കേണ്ട.
അവക്കാഡോ-മുടി വളർച്ചയ്ക്കും തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനും അവക്കാഡോ സഹായിക്കുന്നു. ഇവയിൽ വിറ്റാമിൻ ഇയും സിയും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ രക്തചംക്രമണം വർധിപ്പിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹയിക്കുന്നു. മാത്രമല്ല ഇവ മുടി മിനുസമാക്കുകയും ചെയ്യുന്നു.
മധുരക്കിഴങ്ങ്-മധുരക്കിഴങ്ങിലെ വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും അതുവഴി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
കാരറ്റ്-വിറ്റാമനിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പന്നമണ് കാരറ്റ്. വിറ്റാമിൻ എ സെബം ഉത്പാദനത്തിനും തലയോട്ടിയിലെ ആരോഗ്യം നിലനിർത്താനും മുടികൊഴിച്ചൽ തടയാനും സഹായിക്കുന്നു.