ആരോഗ്യ ഗുണങ്ങളിൽ സമ്പന്നനാണ് ബദാം. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, മഗ്നീഷ്യം, ആൻ്റി-ഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ബദാം. രോഗപ്രതിരോധ ശേഷി നൽകാനും സമ്മർദ്ദത്തിൽ നിന്ന് രക്ഷതേടാനും ബദാം പതിവാക്കാം.
കുതിർത്തും അല്ലാതെയും ബദാം കഴിക്കുന്നവരുണ്ട്. ഇതിനിടയിൽ ബദാമിന്റെ പുറംതോട് കളഞ്ഞ് കഴിക്കണോ അല്ലാതെ കഴിക്കണോയെന്ന് പലരെയും അലട്ടുന്ന സംശയമായിരിക്കും. രണ്ടിന്റെയും ഗുണങ്ങളറിഞ്ഞാൽ സംശയത്തിന് ഉത്തരമാകും.
ഇളം തവിട്ട് നിറത്തിലുള്ള പുറംതോട് ആൻ്റി ഓക്സിഡൻ്റുകളുടെ കലവറയാണ്. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന നാരുകളും ഇതിലടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും ഇത് സഹായിക്കുന്നു. ശരീരത്തെ സമ്മർദമകറ്റാനും വീക്കം കുറയ്‌ക്കാനും ഇത് സഹായിക്കും. പുറംതോടിൽ അടങ്ങിയിട്ടുള്ള പോളിഫെനോൾസ് എന്ന ആൻ്റി ഓക്സിഡൻ്റുകൾ ഹൃദയാരോഗ്യത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മികച്ചതാണ്.
പുറംതോടില്ലാത്ത ബദാം ബ്ലാഞ്ച്ഡ് ബദാമെന്നാണ് അറിയപ്പെടുന്നത്. അന്നനാളത്തിന് പ്രശ്നങ്ങൾ ഉള്ളവർക്കും ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരും ഇത്തരത്തിൽ തൊലി കളഞ്ഞ് ബദാം കഴിക്കുന്നതാണ് നല്ലത്. തൊലിയോടെ കഴിക്കുന്നതിലും രുചി തൊലി കളഞ്ഞ് കഴിക്കുന്നതാണെന്ന അഭിപ്രായവും ചിലർക്കുണ്ട്. ഇഷ്ടാനുസരണം കഴിക്കാവുന്നതാണ്.