പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കഴിക്കുന്ന ഭക്ഷണം, കഴിക്കുന്ന സമയം ഇവയൊക്കെ ശരീരത്തിൽ ഗ്ലൂക്കോസ് ആഗിരണം ചെയ്യപ്പെടുന്നതിനെ സ്വാധീനിക്കും. പ്രധാന ഭക്ഷണത്തിന് മുമ്പ് ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കുന്നതിലൂടെയും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെയും ഗ്ലൂക്കോസിന്റെ പെട്ടെന്നുള്ള വർധനവ് തടയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കാർബോഹൈഡ്രേറ്റ് ആഗിരണം മന്ദഗതിയിലാക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരുന്നതിന് പകരം പതിയെ ഉയരുന്നതിലേക്ക് നയിക്കുന്നു. അത്തരത്തിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്.

ആപ്പിൾ സിഡെർ വിനെഗർ: ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ചേർത്ത് കുടിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

വെള്ളത്തിൽ കുതിർത്ത ചിയ സീഡ്സ്: ചിയ വിത്തുകളിൽ നാരുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കാർബോഹൈഡ്രേറ്റുകളുടെ ആഗിരണം മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള കുതിപ്പ് തടയാനും സഹായിക്കുന്നു.

ഗ്രീക്ക് യോഗർട്ട്: ഭക്ഷണത്തിന് മുമ്പ് ചെറിയ അളവിൽ ഗ്രീക്ക് യോഗർട്ട് കഴിക്കുന്നത് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കുന്നു.

ബദാം അല്ലെങ്കിൽ വാൽനട്ട്: ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയുടെ ഉയർന്ന ഉള്ളടക്കം കാരണം ഭക്ഷണത്തിന് മുമ്പ് ഒരു പിടി ബദാം അല്ലെങ്കിൽ വാൽനട്ട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

കറുവാപ്പട്ട വെള്ളം: ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് കറുവാപ്പട്ട ചേർത്ത ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും.

ഉലുവ കുതിർത്ത വെള്ളം: ഉലുവ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഉലുവ കുതിർത്ത വെള്ളം ഭക്ഷണത്തിന് മുമ്പ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.