പ്രമേഹ രോഗികള്‍ വേണ്ടെന്ന് വെക്കേണ്ടി വരുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് മധുരക്കിഴങ്ങ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മധുരക്കിഴങ്ങ് കഴിച്ചാല്‍ പ്രമേഹം ഉയരുമോ?
പ്രമേഹരോഗികള്‍ കഴിക്കാന്‍ പാടുള്ളതും പാടില്ലാത്തതുമായ ഒട്ടേറെ ഭക്ഷണങ്ങളുണ്ട്. പ്രമേഹം വരുന്നതോടെ ഇഷ്ടമുള്ള പല ഭക്ഷണങ്ങളും പലര്‍ക്കും എന്നെന്നേക്കുമായി വേണ്ടെന്ന് വെക്കേണ്ടി വരും. പ്രമേഹരോഗികള്‍ വേണ്ടെന്ന് വെക്കേണ്ടി വരുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് മധുരക്കിഴങ്ങ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മധുരക്കിഴങ്ങ് കഴിച്ചാല്‍ പ്രമേഹം ഉയരുമോ?
ഒട്ടും ഭയക്കാതെ തന്നെ നിങ്ങള്‍ക്ക് മധുരക്കിഴങ്ങ് കഴിക്കാവുന്നതാണ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്. നാരുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ മധുരക്കിഴങ്ങില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മധുക്കിഴങ്ങിന്റെ ഗ്ലൈസെമിക് സൂചിക വേവിച്ച ഉരുളക്കിഴങ്ങിനേക്കാള്‍ കുറവാണെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? അതിനാല്‍ തന്നെ പ്രമേഹരോഗികള്‍ക്ക് കുറഞ്ഞയളവില്‍ ധൈര്യമായി കഴിക്കാം.
ടൈപ്പ് 2 പ്രമേഹത്തെ ചികിത്സിക്കുന്നതിനായി മധുരക്കിഴങ്ങ് സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതിന് സഹായിക്കുന്ന ഇപോമായ ബറ്റാറ്റസ് എന്ന സംയുക്തം മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു.
എന്നാല്‍ മധുരക്കിഴങ്ങ് മാത്രമല്ല അതിന്റെ തൊലിയ്ക്കും ഒട്ടേറെ ആരോഗ്യഗുണങ്ങളുണ്ട്. മധുരക്കിഴങ്ങിന്റെ തൊലികളയുന്നത് അതിന്റെ 20 ശതമാനം വരെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നതിന് വഴിവെക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നാരുകള്‍ കൂടുതലുള്ളത് മധുരക്കിഴങ്ങിന്റെ തൊലിയിലാണ്. തൊലിയോടെ മധുരക്കിഴങ്ങ് കഴിക്കുന്നത് കുടലില്‍ നല്ല ബാക്ടീരിയകള്‍ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിക്കുന്നു.
തൊലി നീക്കം ചെയ്യുന്നതിലൂടെ മധുരക്കിഴങ്ങിലെ ആന്റിഓക്‌സിഡന്റുകളും നഷ്ടമാകും. കൂടാതെ, ബീറ്റാ കരോട്ടിന്‍, ക്ലോറോജെനിക് ആസിഡ്, വൈറ്റമിനുകള്‍ സി, ഇ എന്നിവയും പര്‍പ്പിള്‍ മധുരക്കിഴങ്ങില്‍ ആന്തോസയാനിന്‍ എന്ന ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിരിക്കുന്നു.


