വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കാറുണ്ടോ?

Written by Web Desk1

Published on:

നെ‍ഞ്ചെരിച്ചിൽ, ദഹനക്കേട്, പല്ലിനു കേട്; പാർശ്വഫലങ്ങളും അറിയണം

രാവിലെ വെറും വയറ്റിൽ മിക്കവരും കുടിക്കുന്ന ഒരു ആരോഗ്യപാനീയമാണ് നാരങ്ങാവെള്ളം. ദഹനത്തിനു സഹായിക്കുക, രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുക, ശരീരത്തിലെ വിഷാംശങ്ങളെ നീക്കുക തുടങ്ങി നിരവധി ആരോഗ്യഗുണങ്ങൾ നാരങ്ങാവെള്ളത്തിനുണ്ട്. എന്നാൽ വെറും വയറ്റിൽ ഇളംചൂട് നാരങ്ങാ വെള്ളം കുടിക്കുന്നതിന് ഗുണങ്ങളോടൊപ്പം പാർശ്വഫലങ്ങളും ഉണ്ട്.

വെറുംവയറ്റിൽ ഇളംചൂട് നാരങ്ങാവെള്ളം കുടിക്കുന്നതു മൂലം ഉണ്ടാകുന്ന പ്രധാന ദോഷങ്ങളിൽ ഒന്ന് പല്ലിന്റെ ഇനാമൽ കേടുവരും എന്നതാണ്. നാരങ്ങ അമ്ലഗുണം ഉള്ളതാണ്. ഇത് കൂടിയ അളവിൽ ഉപയോഗിച്ചാൽ പല്ലിന്റെ സംരക്ഷണപാളിയായ ഇനാമലിനു ക്ഷതം സംഭവിക്കും. ദോഷം ഒഴിവാക്കാൻ നാരങ്ങാ വെള്ളം സ്ട്രോ ഉപയോഗിച്ചു കുടിക്കുകയോ കുടിച്ചശേഷം പച്ചവെള്ളം കൊണ്ട് വായ കഴുകുകയോ ചെയ്യണം. \

ആസിഡ് റിഫ്ലക്സ് ആണ് വെറുംവയറ്റിൽ ചൂട് നാരങ്ങാവെള്ളം കുടിച്ചാലുണ്ടാകുന്ന മറ്റൊരു ദോഷം. നാരങ്ങയുടെ കൂടിയ അമ്ലഗുണം ആസിഡ് റിഫ്ലക്സിന്റെ ലക്ഷണങ്ങൾ ആയ നെ‍ഞ്ചെരിച്ചിൽ, ദഹനക്കേട് ഇവ വർധിക്കാൻ കാരണമാകും. ആസിഡ് റിഫ്ലക്സ് വന്നിട്ടുള്ള ആളാണെങ്കിൽ വൈദ്യോപദേശം തേടിയ ശേഷം മാത്രമേ ദിവസവും നാരാങ്ങാവെള്ളം കുടിക്കുന്നത് ശീലമാക്കാവൂ.

വെറുംവയറ്റിൽ ചൂടു നാരങ്ങാവെള്ളം പതിവായി കുടിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കും. നാരങ്ങയുടെ അമ്ലഗുണം, വയറിന്റെ പാളികളെ അസ്വസ്ഥപ്പെടുത്തുകയും ഓക്കാനം, വയറുകമ്പിക്കൽ, അടിവയറു വേദന ഇവയ്ക്ക് കാരണമാകുകയും ചെയ്യും. ഇങ്ങനെ അസ്വസ്ഥത വന്നാൽ നാരങ്ങാവെള്ളം കുടിക്കുന്ന ശീലം ഉപേക്ഷിക്കുന്നതാവും നല്ലത്.

ജലം ഒരു നാച്വറൽ ഡൈയൂററ്റിക് ആണ്. അതായത് മൂത്രത്തിന്റെ ഉൽപാദനം കൂട്ടാൻ വെള്ളത്തിനാവും. ഇത് മൂത്രനാളിയിലെ അണുബാധ ഉള്ളവർക്ക് നല്ലതാണ്. എന്നാൽ ബ്ലാഡറിനു തകരാറോ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്ന ശീലമോ ഉള്ളവർക്ക് ഇത് പ്രശ്നമാകും. നാരങ്ങാവെള്ളം കുടിച്ചു തുടങ്ങിയ ശേഷം മൂത്രമൊഴിക്കുന്ന എണ്ണം കൂടുതാണെങ്കിൽ നാരങ്ങാവെള്ളത്തിന്റെ അളവ് കുറയ്ക്കാവുന്നതാണ്.

നാരങ്ങാവെള്ളത്തില്‍ വെള്ളം ഉണ്ട്. എന്നാലും നാരങ്ങയുടെ ഡൈയൂററ്റിക് ഗുണങ്ങൾ നിർജലീകരണത്തിനു കാരണമാകും. നിർജലീകരണം ഒഴിവാക്കാൻ ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക.

നാരങ്ങാവെള്ളം ചില മരുന്നുകളുമായി പ്രതിപ്രവർത്തിക്കും. ഇത് പാർശ്വഫലങ്ങളുണ്ടാക്കും. മരുന്നുകളുടെ ഫലപ്രാപ്തി കുറയും. ഉദാഹരണമായി നാരങ്ങാവെള്ളം ചില ആന്റിബയോട്ടിക്സുകളുമായും തൈറോയ്ഡ് മരുന്നുകളുമായും പ്രവർത്തിക്കും. എന്തെങ്കിലും മരുന്ന് കഴിക്കുന്ന ആളാണ് നിങ്ങളെങ്കിൽ പതിവായി നാരങ്ങാവെള്ളം കുടിച്ചു തുടങ്ങും മുൻപ് ഒരു ഡോക്ടറെ കാണുക.

അപൂർവമായി ചിലർക്ക് നാരങ്ങയോടും നാരങ്ങാവെളളത്തിനോടും അലർജി ഉണ്ടാകും. ഇവർക്ക് ചൊറിച്ചിൽ, വീക്കം, ശ്വാസതടസ്സം ഇവയെല്ലാം ഉണ്ടാകാം. നാരങ്ങാവെള്ളം കുടിച്ചശേഷം ഈ ലക്ഷണങ്ങൾ ഉണ്ടായാൽ പെട്ടെന്നു തന്നെ വൈദ്യസഹായം തേടണം.

See also  ആരോഗ്യത്തിനായി കൂടെക്കൂട്ടാം കൂൺ

Leave a Comment