Thursday, March 20, 2025

രോഗിയുടെ കാഴ്ചയ്ക്ക് ഭീഷണിയാകുന്ന ഡയബറ്റിക് റെറ്റിനോപ്പതിയെ സൂക്ഷിക്കണം …

Must read

- Advertisement -

ഇന്ത്യയിൽ ഇന്ന് ഏകദേശം 101 ദശലക്ഷത്തിലധികം പേർ പ്രമേഹ ബാധിതരാണ്. 2045 ആകുന്നതോടെ ഇത് 125 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഹൃദ്രോഗം, വൃക്കകളെ ബാധിക്കുന്ന ഗുരുതര രോഗം, ഡയബറ്റിക് റെറ്റിനോപ്പതി (ഡിആർ) തുടങ്ങി പ്രമേഹവുമായി ബന്ധപ്പെട്ട് നിരവധി അപകട സാധ്യതകളുണ്ട്.

ഇതിൽ മറ്റ് രോഗങ്ങൾക്കെല്ലാം പ്രകടമായ രോഗലക്ഷണങ്ങളുള്ളപ്പോൾ അത്തരത്തിൽ പ്രകടമായ വലിയ രോഗലക്ഷണങ്ങൾ കാണിക്കാതെ എന്നാൽ രോഗിയുടെ കാഴ്ചയ്ക്ക് ഭീഷണിയാകുന്ന, പ്രമേഹത്തിന്റെ സങ്കീണമായ ഒരു അവസ്ഥയാണ് ഡിആർ. കാഴ്ച ശക്തി കുറയുന്നതിനോ, ചിലപ്പോൾ പൂർണ്ണമായ അന്ധതയ്‌ക്കോ ഇത് കാരണമാകുന്നു. മധ്യവയസ്‌കരിൽ കാഴ്ച നഷ്ടപ്പെടുന്നതിനുള്ള പ്രധാന ഘടകമാണിത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നടത്തിയ സ്മാർട്ട് ഇന്ത്യ പഠനത്തിൽ 6,000ത്തിലധികം പ്രമേഹ ബാധിതരിൽ ഡിആർ വ്യാപനം പഠനവിധേയമാക്കി, പ്രമേഹ രോഗികളിൽ റെറ്റിനോപ്പതിയുടെ വ്യാപനം 12.5 ശതമാനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 4% പേർക്ക് കാഴ്ച ശക്തിയെ അപകടത്തിലാക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി (വിടിഡിആർ) ഉണ്ട്. രോഗിയുടെ കാഴ്ചാ ശക്തി പൂർണമായും ഇല്ലാതാകുന്നതിലേക്കാണ് ഇത് നയിക്കുക.

ദീർഘനാൾ രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് മൂലമുണ്ടാകുന്ന ഡിആറിനെ തുടർന്ന്, റെറ്റിനയിലെ ചെറിയ രക്തക്കുഴലുകൾ വീർക്കുകയോ അവയ്ക്ക് ശോഷണമോ കേടുപാടുകളോ സംഭവിക്കുകയോ ചെയ്യാം. അല്ലെങ്കിൽ അവ അടഞ്ഞുപോകുകയും അതുവഴി രക്തയോട്ടം തടസ്സപ്പെടുകയും ക്രമേണ കാഴ്ച ശക്തി ഇല്ലാതാവുകയും ചെയ്യും. വ്യക്തമായ രോഗലക്ഷണങ്ങളില്ലാതെയാണ് ഡിആർ സാധാരണ രൂപപ്പെടുന്നത്. ഇതിന്റെ ഫലമായി ഭൂരിഭാഗം രോഗികളും രോഗാവസ്ഥയെക്കുറിച്ച് അജ്ഞരായിരിക്കുകയും ക്രമേണ രോഗം ഗുരുതരമാകുകയും ചെയ്യും.

പലപ്പോഴും ഡിആറിന്റെ ആരംഭ ഘട്ടത്തിലെ ലക്ഷണങ്ങളായ നേരിയ കാഴ്ച മങ്ങൽ സാധാരണ വാർദ്ധക്യമായി കൂടുതൽപ്പേരും തെറ്റിദ്ധരിക്കുകയും ഇത് രോഗനിർണയം വൈകുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് തിരുവനന്തപുരം ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ സീനിയർ വിട്രിയോ റെറ്റിനൽ സർജനായ മെഡിക്കൽ ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ പറയുന്നു. കാഴ്ചശക്തിയെ അപകടപ്പെടുത്തുന്ന പ്രമേഹത്തിന്റെ സങ്കീർണ്ണ അവസ്ഥയായ ഡിആർ പലപ്പോഴും നിശബ്ദ വില്ലനായി വളരുകയും കാഴ്ചാ വൈകല്യത്തിന് കാരണമാവുകയും ചെയ്യുന്നു.

രോഗം ഗുരുതരമാകുന്നതുവരെ രോഗനിർണയം നടത്താതിരിക്കുന്നതുവഴി ഡിആർ പൂർണമായ കാഴ്ചാ നഷ്ടത്തിലേക്ക് നയിച്ചേക്കാം. നേരത്തെയുള്ള രോഗനിർണയം ഉറപ്പാക്കാൻ രോഗികൾ പ്രമേഹ നിയന്ത്രണത്തിൽ പതിവ് കാഴ്ചാ പരിശോധനകൾ ഉൾപ്പെടുത്തണം. ഇത്തരത്തിലുള്ള മുൻകരുതൽ നടപടികളിലൂടെ അന്ധത തടയുന്നതിനും നല്ല ജീവിതനിലവാരം നിലനിർത്തുവാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ അപകടഭീഷണിയെ മറികടക്കുന്നതിനായി റിസർച്ച് സൊസൈറ്റി ഫോർ ദ സ്റ്റഡി ഓഫ് ഡയബറ്റീസ് ഇൻ ഇന്ത്യ (ആർഎസ്എസ്ഡിഐ) യും വിട്രിയോ റെറ്റിനൽ സൊസൈറ്റി ഓഫ് ഇന്ത്യ (വിആർഎസ്‌ഐ) യും സംയുക്തമായി മാർഗരേഖകൾ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ പ്രമേഹ രോഗികയും കൃത്യമായ റൂട്ടീൻ ചെക്കപ്പുകൾ പാലിക്കണമെന്ന് ഈ മാർഗരേഖയിൽ ശുപാർശ ചെയ്യുന്നു.

See also  വായ്നാറ്റം അകറ്റാൻ ചില പ്രകൃതിദത്ത പൊടികൈകൾ ……

ടൈപ്പ് 1 പ്രമേഹ രോഗികൾ രോഗം കണ്ടെത്തുന്നതു മുതൽ അഞ്ചു വർഷത്തേക്ക് പരിശോധന നടത്തണം. ടൈപ്പ് 2 പ്രമേഹരോഗികൾ രോഗനിർണയം നടത്തുമ്പോൾ പരിശോധന നടത്തുകയും വേണം. കൂടാതെ, ഗർഭകാലത്ത് ഡിആർ ഗുരുതരമാകുന്നതിനുള്ള സാധ്യത വർദ്ധിക്കുന്നതിനാൽ പ്രമേഹമുള്ള ഗർഭിണികൾക്ക് അനുയോജ്യമായ സ്‌ക്രീനിംഗ് ഷെഡ്യൂളുകൾ ആവശ്യമാണ്. കാഴ്ച നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നീട് തിരികെ ലഭിക്കാത്തതിനാൽ പ്രമേഹ നിരീക്ഷണത്തിനുള്ള പതിവ് രക്തപരിശോധന പോലെ സജീവമായ ഡിആർ സ്‌ക്രീനിംഗും പ്രധാനമാണ്.

നിർമ്മിത ബുദ്ധി (എഐ) അൽഗൊരിതം സജ്ജമാക്കിയ നോൺമൈഡ്രിയാറ്റിക് ഫണ്ടസ് ക്യാമറ പോലുള്ള സ്‌ക്രീനിംഗ് ടൂളുകൾ വേഗത്തിലും കാര്യക്ഷമവുമായ പരിശോധന സാധ്യമാക്കുന്നു. നേരത്തേയുള്ള രോഗനിർണയം, പൊതുജനബോധവത്കരണം, സംയോജിത പരിശോധനാ മോഡലുകൾ എന്നിവയിലൂടെ ഡയബറ്റിക് റെറ്റിനോപ്പതിയെ ഫലപ്രദമായി പ്രതിരോധിക്കുവാൻ സാധിക്കും.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article