Thursday, April 3, 2025

സർവമത പ്രാർത്ഥനകളോടെ ഒരുമിച്ചുള്ള സംസ്കാരം; നെഞ്ചുലയ്ക്കുന്ന കാഴ്ചകൾ , മരണം ഇതുവരെ 387, തെരച്ചിൽ ഏഴാം ദിനം

Must read

- Advertisement -

വയനാട് ദുരന്തത്തില്‍ മരണപ്പെട്ട എട്ട് പേരുടെ മൃതദേഹങ്ങള്‍ പുത്തുമലയില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെയാണ് ഇന്നലെ സംസ്‌ക്കരിച്ചത്. കേരളത്തിന്റെ നെഞ്ചുല്ക്കുന്ന കാഴ്ച്ചയായിരുന്നു അത്. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങളാണ് പുത്തുമലയില്‍ അടക്കം ചെയ്തത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്ത് ഇന്നലെ രാത്രി ആയിരുന്നു സംസ്‌കാരം. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രത്യേകം തയ്യാറാക്കിയ മാര്‍ഗ്ഗ നിര്‍ദേശ പ്രകാരമാണ് സംസ്‌കാരം നടന്നത്. വിവിധ മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷമാണ് സംസ്‌കരിച്ചത്. ഒരുമയോടെയാണ് അവര്‍ മടങ്ങിയത്.

ചൂരല്‍ മല സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് വികാരി ഫാ. ജിബിന്‍ വട്ടക്കളത്തില്‍, മേപ്പാടി മാരിയമ്മന്‍ കോവില്‍ കര്‍മി കുട്ടന്‍, മേപ്പാടി ജുമാമസ്ജിദ് ഖതീബ് മുസ്തഫല്‍ ഫൈസി തുടങ്ങിയവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. മന്ത്രിമാരായ ഒ ആര്‍ കേളു, കെ രാജന്‍, എ കെ ശശീന്ദ്രന്‍, എംബി രാജേഷ്, ടി സിദ്ധീഖ് എംഎല്‍എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, സ്‌പെഷ്യല്‍ ഓഫീസര്‍ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, മതനേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

തങ്ങളുടെ പ്രിയപ്പെട്ടവരാണോ തിരിച്ചറിയപ്പെടാതെ പോയവരുടെ കൂട്ടത്തിലുള്ളത് എന്ന ആശങ്കയോടെ നിരവധി പേര്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സേനാ പ്രതിനിധികളും സന്നദ്ധ സംഘടന പ്രതിനിധികളും അടക്കം നൂറുകണക്കിന് ആളുകള്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

അതേസമയം ഉരുള്‍പൊട്ടല്‍ മേഖലകളില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഏഴാം ദിവസവും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തെരച്ചില്‍ നടക്കുക. ദൗത്യസംഘത്തിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍ തുടരുക. കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 387 ആയി ഉയര്‍ന്നു. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത. ചൂരല്‍മല സ്‌കൂള്‍, വെള്ളാര്‍മല വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടരും.

മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി രാവിലെ തെരച്ചില്‍ പുനരാരംഭിക്കും. വീടുകള്‍ക്കുമേല്‍ നാല്‍പത് അടിയോളം ഉയരത്തില്‍ കല്ലും മണ്ണും അടിഞ്ഞിരിക്കുന്നതാണ് തെരച്ചിലിന് വെല്ലുവിളിയാകുന്നത്. ചൂരല്‍മല സ്‌കൂള്‍, വെള്ളാര്‍മല വില്ലേജ് ഓഫീസ് പരിസരങ്ങളിലാണ് പരിശോധന തുടരുന്നത്. മലപ്പുറത്ത് ചാലിയാറിലും മൃതദേഹങ്ങള്‍ കണ്ടെത്താനായി വ്യാപകമായ തെരച്ചില്‍ തുടരുകയാണ്. ഇനിയും 180 പേരെ കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. 17 ക്യാമ്പുകളിലായി 2551 പേരെ ദുരന്തമുഖത്തു നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

See also  മുഖ്യമന്ത്രിയുടെ ക്രിസ്‌‌മസ്- പുതുവത്സര വിരുന്നിന്റെ മൊത്തം തുകയും പാസാക്കി ഉത്തരവ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article