വെറും 100 ഗ്രാം ഭാരക്കൂടുതൽ വിനേഷ് ഫോഗട്ടിന്റെ മെഡൽ ഇന്ത്യയ്ക്ക് നഷ്ടമായി ;പിന്തുണയുമായി രാജ്യം, താങ്കൾ ചാമ്പ്യന്മാരുടെ ചാമ്പ്യൻ; ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി

Written by Taniniram

Published on:

ഗുസ്തിയില്‍ ഫ്രീസ്‌റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ എത്തി മെഡല്‍ ഉറപ്പിച്ച വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്ടമാകും. ഭാര പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണിത്. ഇന്ന് കലാശപ്പോരില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്റ്റിനെതിരെ മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി.

ഇന്ത്യയുടെ അഭിമാനതാരം അയോഗ്യയാക്കപ്പെട്ടതിന്റെ ആഘാതത്തിലാണ് രാജ്യം മുഴുവന്‍.അനുവദനീയമായതിലും 100 ഗ്രാം തൂക്കം കൂടുതലുള്ള സാഹചര്യത്തിലാണ് വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്ടമാകുന്നത്. ഭാരം കൂടുതലുള്ള സാഹചര്യത്തില്‍ ചട്ടപ്രകാരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുകയായിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്യാന്തര ഒളിംപിക് അസോസിയേഷന്‍ തള്ളി. ഇതിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധത്തിലാണ്.

മത്സരത്തിലെ ഏതെങ്കിലും തീരുമാനത്തിനെതിരെ മാത്രമെ കളിക്കാര്‍ക്കോ ടീമിനോ അപ്പീല്‍ നല്‍കാനാവു. ഇത് കളിക്കളത്തിന് പുറത്തുള്ള വിഷയമാണ്. വിനേഷിന്റെ കാര്യത്തില്‍ കളിക്കാരന്റെ മാത്രം പിഴവാണിത്. 100 ഗ്രാം കൂടുതലാണെങ്കില്‍ പോലും താരത്തെ മത്സരിക്കാന്‍ അനുവദിക്കുന്നത് മറ്റ് താരങ്ങളോട് ചെയ്യുന്ന അനീതിയാകുമെന്നാണ് വിലയിരുത്തല്‍. മുമ്പ് 53 കിലോ വിഭാഗത്തിലാണ് ഫോഗട്ട് മത്സരിച്ചിരുന്നത്.
സെമി ഫൈനലില്‍ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാന്‍ ലോപ്പസിനെതിരെ ഏകപക്ഷീയമായ വിജയം നേടിയശേഷം ചരിത്രം തിരുത്തി വനിതാ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായ വിനേഷ് മാധ്യമങ്ങളോട് പോലും സംസാരിക്കാന്‍ നില്‍ക്കാതെ നേരെ കഠിന പരിശീലനത്തിനായാണ് പോയത്. ഫൈനലിന് മുമ്പുള്ള മുന്നൊരുക്കത്തിനെന്നും വിലയിരുത്തി.

എന്നാല്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ വിനേഷിന് തന്നെ ആശങ്കയുണ്ടായിരുന്നുവെന്നതിന്റെ തെളിവായിരുന്നു ഇതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. വിനേഷ് ഇന്നലെ രാത്രി ഉറങ്ങാന്‍ പോലും കൂട്ടാക്കാതെ സൈക്ലിംഗും ജോഗിംഗുമെല്ലാം നടത്തി ശരീരഭാരം കുറക്കാനുള്ള കഠിന പ്രയത്നത്തിലായിരുന്നു. എന്നിട്ടും മത്സരദിവസമായ ഇന്ന് രാവിലെ ഭാരപരിധോനക്ക് എത്തിയപ്പോള്‍ വിനേഷിന്റെ ശരീരഭാരം 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തുകയായിരുന്നു.

ഒളിംപിക് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിനു പോലും അര്‍ഹതയുണ്ടാകില്ല. ഫലത്തില്‍ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ സ്വര്‍ണ, വെങ്കല മെഡല്‍ ജേതാക്കള്‍ മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം.

ആശ്വാസവാക്കുകളുമായി പ്രധാനമന്ത്രി

അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രധാനമന്ത്രി താരത്തെ ആശ്വസിപ്പിച്ചത്. ചാംപ്യൻമാരുടെ ഗണത്തിലെ ചാംപ്യനാണ് താങ്കളെന്ന് പ്രധാനമന്ത്രി കുറിച്ചു. ഓരോ ഇന്ത്യക്കാരനും പ്രചോദനവും അഭിമാനവുമാണ്.

‘‘വിനേഷ്, താങ്കൾ ചാംപ്യൻമാരുടെ ചാംപ്യനാണ്. താങ്കൾ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ ഈ തിരിച്ചടി വേദനിപ്പിക്കുന്നു. ഈ നിമിഷം ഞാൻ അനുഭവിക്കുന്ന നിരാശ വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാനായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. പ്രതിരോധത്തിന്റെ പ്രതീകമാണ് താങ്കളെന്ന് എനിക്കറിയാം. വെല്ലുവിളികളെ തലയുയർത്തിത്തന്നെ നേരിടുന്നതാണ് താങ്കളുടെ രീതി. ശക്തമായി തിരിച്ചുവരൂ. ഞങ്ങളെല്ലാം ഒപ്പമുണ്ട്.’’ –

See also  ഹേമ കമ്മിറ്റി പുറത്തു വിടാം; സജിമോന്റെ ഹർജി തള്ളി ഹൈക്കോടതി

Related News

Related News

Leave a Comment