Monday, March 31, 2025

ഇരുട്ടുമുറിയിൽ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം,കുഞ്ഞുങ്ങളെ മുറിവേൽപ്പിച്ച പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി

Must read

- Advertisement -

തിരുവനന്തപുരം : അച്ഛനും അമ്മയും സംരക്ഷിക്കാത്തതിനെത്തുടര്‍ന്ന് അമ്മൂമ്മയ്‌ക്കൊപ്പം താമസിച്ച ആറും ഒന്‍പതും വയസ്സുള്ള പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെയുണ്ടായത് ക്രൂര പീഡനം. ഇരുട്ടുമുറിയില്‍ ആ സഹോദരിമാര്‍ പരസ്പരം കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു. അയാള്‍ ഇരുവരുടെയും വാ പൊത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ആ പിഞ്ചു ബാല്യങ്ങളെ ഒരു ദയയും കൂടാതെയാണ് അയാള്‍ മുറിവേല്‍പ്പിച്ചത്. സംരക്ഷിക്കേണ്ട അമ്മൂമ്മ പോലും സഹായിച്ചില്ല. കുഞ്ഞുങ്ങളുടെ മുന്‍പില്‍ വച്ച് പ്രതി അമ്മൂമ്മയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു.

കുട്ടികളുടെ ബാല്യം നഷ്ടപ്പെടുത്തിയ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ, പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടികളുടെ അമ്മൂമ്മയുടെ കാമുകനായ പ്രതി വിക്രമനു വീണ്ടും ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചത്.

2020-21ല്‍ മുരുക്കുംപുഴ, വരിയ്ക്കമുക്ക് എന്നിവിടങ്ങളില്‍ താമസിക്കുമ്പോഴാണ് പ്രതി വിക്രമന്‍ കുട്ടികളുടെ അമ്മൂമ്മയ്ക്കൊപ്പം താമസിക്കാന്‍ എത്തിയത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനാല്‍ കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മൂമ്മയ്ക്കായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച അമ്മൂമ്മ പ്രതിക്കൊപ്പമാണു വാടകയ്ക്കു താമസിച്ചിരുന്നത്. അമ്മൂമ്മ പുറത്തുപോയ സമയത്താണു പ്രതി കുട്ടികളെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഇരുവരെയും ഒരുമിച്ചു പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ അമ്മ ദുബായില്‍ ജോലിക്ക് പോയതിന് ശേഷം വിളിച്ചിട്ടില്ല. അച്ഛനാകട്ടെ ഇവരെ തിരിഞ്ഞ് നോക്കിയിട്ടുമില്ല. കുഞ്ഞുങ്ങള്‍ക്ക് ഏക ആശ്രയം അമ്മൂമ്മ മാത്രമായിരുന്നു.

പലവട്ടം പീഡിപ്പിക്കപ്പെട്ടിട്ടും പ്രതിക്ക് അമ്മൂമ്മയോട് ഏറെ അടുപ്പമുണ്ടായിരുന്നതിനാല്‍ കുട്ടികള്‍ വിവരം അമ്മൂമ്മയോടു പറഞ്ഞിരുന്നില്ല. മുരുക്കുംപുഴയില്‍ വച്ച് അടുത്തു താമസിക്കുന്ന രാജന്‍ എന്നയാളുടെ മുറിയില്‍ വിവരം പറയാന്‍ പോയെങ്കിലും ഭയം കാരണം പറഞ്ഞില്ല. കുട്ടികള്‍ അവിടെ നിന്ന് കരഞ്ഞപ്പോള്‍ രാജന് സംശയം തോന്നിയിരുന്നു. പിന്നെ രാജന്‍ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ് പീഡനം കണ്ടതും സംഭവം വാടകവീടിന്റെ ഉടമയായ മോളിയോട് പറഞ്ഞതും. തുടര്‍ന്ന് വിവരമറിഞ്ഞ് മംഗലപുരം പൊലീസ് കേസെടുത്ത് വിക്രമനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇരുകുട്ടികളും കരഞ്ഞതിനാല്‍ പല തവണ വിസ്താരം നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു. കേസില്‍ മൊഴി കൊടുക്കുന്നത് തനിക്ക് നാണക്കേട് ഉണ്ടാക്കുമെന്ന് മൂത്ത കുട്ടിയോട് പിതാവ് വിളിച്ചു പറഞ്ഞതിനാല്‍ ആദ്യം കുട്ടി മൊഴി പറയാന്‍ വിസമ്മതിച്ചു. പിന്നീട് അനിയത്തി പകര്‍ന്ന ധൈര്യത്തിലാണ് കുട്ടി മൊഴി പറഞ്ഞത്. നിലവില്‍ ഷെല്‍ട്ടര്‍ ഹോമിലാണു കുട്ടികളുടെ താമസം. എല്ലാ രേഖകളും ഹാജരാക്കി പഴുതുകള്‍ അടച്ച് പ്രോസിക്യൂഷന്‍ വാദിച്ചതോടെയാണ് പ്രതി വിക്രമനു കോടതി കടുത്ത ശിക്ഷ വിധിച്ചത്.

See also  കുത്തേറ്റ നിലയില്‍ പാടത്ത് മൃതദേഹം; സംഭവത്തില്‍ അന്വേഷണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article