Wednesday, April 2, 2025

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ…

Must read

- Advertisement -

മലയാളത്തിന്‍റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാള്‍. ഓരോ മലയാളിയും ഒറ്റ കേള്‍വിയില്‍ തിരിച്ചറിയുന്ന ആ നാദത്തിന് പ്രായം ഒട്ടുമേ മങ്ങലേല്‍പ്പിച്ചിട്ടില്ല. ​ആലാപനത്തിനൊപ്പം ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിം​ഗര്‍ സീസണ്‍ 9 അടക്കമുള്ള ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികളുടെ സ്വീകരണമുറികളിലെ സജീവ സാന്നിധ്യമാണ് ഇപ്പോഴും ചിത്ര. അഞ്ചാം വയസ്സില്‍ ആകാശവാണിക്ക് വേണ്ടി റെക്കോര്‍ഡിം​ഗ് മൈക്കിന് മുന്നിലെത്തിയത് മുതല്‍ ആരംഭിക്കുന്നു ചിത്രയുടെ സം​ഗീത ജീവിതം.

1979ല്‍ അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തില്‍ കോറസ് പാടിയാണ് സിനിമാ രംഗത്തേക്കുള്ള തുടക്കം. അന്ന് കൈപിടിച്ചതാകട്ടെ എം ജി രാധാകൃഷ്ണനും. പതിനാലാം വയസ്സില്‍ അട്ടഹാസം എന്ന ചിത്രത്തിലൂടെ പാടിത്തുടങ്ങിയപ്പോള്‍ അതൊരു മഹാഗായികയുടെ പിറവി കൂടിയാണെന്ന് അന്ന് അധികമാരും തിരിച്ചറിഞ്ഞില്ല. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിനായി പാടിയ ഗാനങ്ങളാണ് ചിത്രയുടെ ഡിസ്കോ​ഗ്രഫിയിലെ ആദ്യ സൂപ്പര്‍ഹിറ്റുകള്‍. പിന്നീട് സംഭവിച്ചതൊക്കെ കേട്ടുകേട്ടുമതിവരാതെ നമ്മുടെ കാതോട് കാതോരമുണ്ട്.

ഇന്ത്യന്‍ ഭാഷകളില്‍ മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബം​ഗാളി, ഒഡിയ, തുളു, മറാഠി, പഞ്ചാബി, രാജസ്ഥാനി തുടങ്ങിയ ഭാഷകളിലൊക്കെ ചിത്ര പാടിയിട്ടുണ്ട്. ഇം​ഗ്ലീഷ്, ഫ്രഞ്ച്, അറബിക്, മലയ്, ലാറ്റിന്‍, സിന്‍ഹളീസ് തുടങ്ങിയ വിദേശ ഭാഷകളിലും. 2005 ല്‍ പത്മശ്രീയും 2021 ല്‍ പത്മഭൂഷനും ലഭിച്ച ചിത്രയ്ക്ക് മികച്ച ​പിന്നണി ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ആറ് തവണയാണ് ലഭിച്ചത്. അന്തര്‍ദേശീയ പുരസ്കാരങ്ങളടക്കം കലാജീവിതത്തില്‍ ആകെ അഞ്ഞൂറിലധികം പുരസ്കാരങ്ങള്‍.

ആലാപന സൗകുമാര്യത്തിനൊപ്പം പെരുമാറ്റത്തിലെ ലാളിത്യം കൂടിയാണ് ചിത്രയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കുന്നത്. തലമുറകള്‍ എത്ര വന്നാലും പകരം വെക്കാനാവാത്ത ഈ ഇതിഹാസത്തിന് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ആരാധകര്‍. ചിത്ര വിധികര്‍ത്താവാകുന്ന സ്റ്റാര്‍ സിം​ഗര്‍ സീസണ്‍ 9 ല്‍ ഇന്നത്തെ എപ്പിസോഡ് ചിത്രയുടെ പിറന്നാള്‍ ആഘോഷ പതിപ്പാണ്. ചിത്രയുടെ ഗുരുവും പ്രശസ്ത സംഗീതജ്ഞയുമായ ഓമനക്കുട്ടി ടീച്ചർ ഈ ആഘോഷപരിപാടിയിൽ മുഖ്യാതിഥിയായി എത്തും. വിധികർത്താക്കളായ വിധു പ്രതാപും സിത്താരയും സ്റ്റാർ സിംഗർ മത്സരാര്‍ഥികളും ചേർന്ന് ചിത്രക്ക് ഗാനാർച്ചന നൽകും. ഇന്ന് രാത്രി 9 മണിക്കാണ് പരിപാടി.

See also  നിപ ഭീതിയിൽ വീണ്ടും കേരളം ; കോഴിക്കോട് പതിനാലുകാരൻ ചികിത്സയിൽ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article