തൃശൂര്‍ പൂരം മുടങ്ങിയതില്‍ ആസൂത്രിത ശ്രമം നടന്നെന്ന ആരോപണം ഇടതുപക്ഷം തന്നെ ഉയര്‍ത്തുന്നതിനിടെ സര്‍ക്കാരിനെ വെട്ടിലാക്കി വിവരാവകാശ രേഖ.സുരേഷ് ഗോപിയുടെ തൃശൂരെ തിരഞ്ഞെടുപ്പ് വിജയത്തിന് ഒരു പ്രധാന കാരണം പൂരം മുടക്കിയത് ആണെന്നാണ് സിപിഐ ആരോപിച്ചത്. സംഭവം വിവാദമായപ്പോഴാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. തൃശൂര്‍ കമ്മിഷണറെ മാറ്റും, ഡിജിപി തന്നെ അന്വേഷിക്കും എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എഡിജിപി എം.ആര്‍.അജിത്കുമാറിനായിരുന്നു അന്വേഷണ ചുമതല. ഈ അന്വേഷണം വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങുകയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
പൂരം മുടങ്ങിയതില്‍ അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് പോലീസ് ആസ്ഥാനം മറുപടി നല്‍കിയത്. കൃത്യമായ മറുപടിക്കായി തൃശൂര്‍ സിറ്റി പോലീസിന് കൈമാറുന്നു എന്നും അറിയിച്ചു. പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിച്ചിട്ടില്ല എന്നായിരുന്നു തൃശൂര്‍ പോലീസിന്റെ മറുപടി. മനോരമ ന്യൂസിന്റെ അന്വേഷണത്തിനാണ് പോലീസ് ആസ്ഥാനം വിശദീകരണം നല്‍കിയത്.
റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന് സിപിഐ നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറായിരുന്നില്ല.