തിരുവമ്പാടി ദേവസ്വം പ്രസിഡന്റിന്റെ അറസ്റ്റിൽ ഞെട്ടി നാട്ടുകാർ
നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രമുഖ പ്രവാസി വ്യവസായി ശോഭാ സിറ്റി ടോപ്പാസ് ഫ്‌ലാറ്റില്‍ മുത്തേടത്ത് അടിയാട്ട് വീട്ടില്‍ സുന്ദര്‍ മേനോന്‍(63) അറസ്റ്റില്‍. നിക്ഷേപങ്ങള്‍ സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.
കേസില്‍ കമ്പനി ഡയറക്ടറും കോണ്‍ഗ്രസ് നേതാവുമായ സി എസ് ശ്രീനിവാസന്‍ ഉള്‍പ്പടെ മറ്റു ഡയറക്ടര്‍മാരും ഉടന്‍ അറസ്റ്റിലാവുമെന്ന് പൊലീസ് അറിയിച്ചു. തൃശൂര്‍ ഹീവാന്‍ ഫിനാന്‍സ്, ഹീവാന്‍ നിധി എന്നീ സ്ഥാപനങ്ങളുടെ പേരില്‍ കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച് തിരിച്ചു നല്‍കുന്നില്ലെന്ന പരാതിയിലാണ് അറസ്റ്റ്. സുന്ദര്‍മേനോനെ ഞായറാഴ്ച രാവിലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് എസിപി കെ സുഷീര്‍ അറസ്റ്റ് ചെയ്തത്. തൃശൂര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ബഡ്‌സ് ആക്ട് പ്രകാരം സ്ഥാപനത്തിന്റെയും ഡയറക്ടര്‍മാരുടെയും സ്വത്ത് ജപ്തി ചെയ്യാനും നടപടിയായി.
സ്ഥാപനത്തിന്റെ ചെയര്‍മാനായ സുന്ദര്‍ മേനോന്‍ തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കൂടിയാണ്. സി എസ് ശ്രീനിവാസന്‍ ഡിസിസി സെക്രട്ടറിയാണ്. തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്നു. ഇരുവരുടെയും രാഷ്ട്രീയ, സാമൂഹ്യ ഇടപെടലുകള്‍ വിശ്വാസത്തിലെടുത്താണ് ലക്ഷക്കണക്കിന് രൂപ ഹീവാന്‍സ് ഫിനാന്‍സിലും ഹീവാന്‍സ് നിധി കമ്പനിയിലുമായി നിക്ഷേപിച്ചതെന്ന് നിക്ഷേപകര്‍ പറയുന്നു. അഞ്ചു വര്‍ഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പിന്നീട് പലിശയോ മുതലോ നിക്ഷേപകര്‍ക്ക് നല്‍കാന്‍ കമ്പനി തയാറായിട്ടില്ല. 18 കേസുകളിലായി 7. 78 കോടിയോളം രൂപ തിരിച്ചുകൊടുക്കാനുണ്ടെന്നാണ് പരാതി. കൂടുതല്‍ പരാതിക്കാര്‍ രംഗത്ത് വരുന്നതായും പൊലീസ് അറിയിച്ചു. പൂങ്കുന്നം ചക്കാമുക്കിലുള്ള ഇവരുടെ സ്ഥാപനത്തിനുമുന്നില്‍ നിക്ഷേപകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പണം തിരിച്ചു നല്‍കാമെന്ന് വാക്കുകൊടുത്തുവെങ്കിലും നല്‍കിയില്ല. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. ഈ കേസില്‍ മറ്റൊരു ഡയറക്ടറും തൃശുര്‍ വെസ്റ്റ് പൊലീസ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമായ പുതൂര്‍ക്കര പുത്തന്‍വീട്ടില്‍ ബിജു മണികണ്ഠനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ ജയിലിലാണ്.