റഷ്യന്‍ സൈന്യത്തിന് നേരെ യുക്രെയ്ന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കല്ലൂര്‍ നായരങ്ങാടി സ്വദേശി സന്ദീപ് (36) ആണ് മരിച്ചത്. സന്ദീപ് ഉള്‍പ്പെട്ട റഷ്യന്‍ സൈന്യത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
റഷ്യന്‍ മലയാളി ഗ്രൂപ്പുകളില്‍ വാട്സ് ആപ്പ് സന്ദേശം പ്രചരിച്ചതോടെയാണ് സന്ദീപ് കൊല്ലപ്പെട്ടുവെന്ന വിവരം നാട്ടിലറിയുന്നത്. ആശുപത്രിയില്‍ മൃതദേഹം റഷ്യന്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ തിരിച്ചറിഞ്ഞതായും കല്ലൂരിലെ വീട്ടില്‍ അറിയിപ്പ് ലഭിച്ചു.
മോസ്‌കോയില്‍ റസ്റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ പാസ്പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു
എന്നാല്‍, സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായും വിവരമുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില്‍ ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്. പൗരത്വ പ്രശ്നം മൃതദേഹം നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എംബസി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. റഷ്യന്‍ സേനയുടെ ഭാഗമായ സന്ദീപ് സൈനിക പരിശീലനത്തിലായിരുന്നതിനാല്‍ നാട്ടിലേക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. സന്ദീപിന്റെ അപ്രതീക്ഷിത മരണത്തില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം. ഞെട്ടലോടെയാണ് നാട്ടുകാരും വാര്‍ത്ത കേട്ടത്. സന്ദീപിനെക്കുറിച്ച് വിവരങ്ങള്‍ അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാരായ എസ്. ജയ്ശങ്കര്‍, സുരേഷ്ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. നോര്‍ക്ക വഴി റഷ്യയിലെ ഇന്ത്യന്‍ എംബസിയിലും ബന്ധുക്കള്‍ ബന്ധപ്പെട്ടിട്ടുണ്ട്.