റിയാദ്: യുക്രെയിന്‍-റഷ്യന്‍ യുദ്ധത്തിന് താല്‍കാലിക വിരാമം. സൗദിയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചക്കൊടുവിലാണ് ഒരു മാസത്തെ വെടിനിര്‍ത്തല്‍ യുക്രൈന്‍ പ്രഖ്യാപിച്ചത്. അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യുക്രൈന്‍ തീരുമാനം. യുക്രൈന് ഏര്‍പ്പെടുത്തിയ സൈനിക നിരോധനം അമേരിക്കയും പിന്‍വലിച്ചു. അതിനിടെ യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി രാജി വയ്ക്കണമെന്ന വാദം റഷ്യ ഉയര്‍ത്തിയത് ചര്‍ച്ചയില്‍ വെല്ലുവിളിയായി. വെടിനിര്‍ത്തലിന് മുന്‍പ് മോസ്‌കോ നഗരത്തിലേക്ക് യുക്രൈന്‍ ഡ്രോണ്‍ വര്‍ഷം നടത്തിയത് ഞെട്ടിച്ചിട്ടുണ്ട്. എന്നാലും വെടനിര്‍ത്തലിനെ പ്രതീക്ഷയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കികാണുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റഷ്യന്‍ അനുകൂല നിലപാട് മാറ്റങ്ങള്‍ക്ക് കാരണമായത്.
അമേരിക്ക അവതരിപ്പിച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ യുക്രെയ്ന്‍ അംഗീകരിക്കുകയായിരുന്നു. സൗദിയില്‍ യുഎസ് നയതന്ത്ര പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് യുക്രെയ്ന്‍ വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ചത്. വെടിനിര്‍ത്താന്‍ സന്നദ്ധത അറിയിച്ചെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. റഷ്യ കൂടി നിബന്ധനകള്‍ അംഗീകരിച്ചാല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പരസ്പരം അംഗീകരിച്ച് 30 ദിവസം കൂടി നീട്ടാം. തടവുകാരുടെ കൈമാറ്റം, സിവിലിയന്‍ തടവുകാരുടെ മോചനം, പലായനം ചെയ്യപ്പെട്ട യുക്രെയ്ന്‍ കുട്ടികളുടെ മടങ്ങിവരവ് എന്നിവയിലെ ധാരണയും ചര്‍ച്ചയായി. ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം ഉറപ്പാക്കണമെന്നും യുക്രെയ്ന്‍ ആവശ്യപ്പെട്ടു.