തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ ഷര്‍ട്ട് ധരിപ്പിക്കാന്‍ ഹൈക്കോടതിയില്‍ അസാധാരണ ഹര്‍ജി. ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഔപചാരിക വസ്ത്രധാരണരീതി പാലിക്കാന്‍ ഉദയനിധിയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
പഴ്‌സനേല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് ചട്ടപ്രകാരം എല്ലാ ജീവനക്കാരും ഔപചാരികമായ വസ്ത്രം ധരിക്കുന്നത് നിര്ബന്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകനായ സത്യകുമാറാണ് ഹര്‍ജി നല്‍കിയത്. പുരുഷ ജീവനക്കാര്‍ ഷര്‍ട്ടിനൊപ്പം ഫോര്‍മല്‍ പാന്റ്‌സോ മുണ്ടോ ധരിക്കണം. എന്നാല്‍ ഉദയനിധി എല്ലാ സര്‍ക്കാര്‍ പരിപാടികളിലും ടീഷര്‍ട്ടും ജീന്‍സും കാഷ്വല്‍ ചെരുപ്പുകളും ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നതെന്നും സത്യകുമാര്‍. കാഷ്വല്‍ ഡ്രസ് എന്ന വിഭാഗത്തില്‍ വരുന്നവയാണ് ഇതെല്ലാം. ഉദയനിധിയുടെ ടി ഷര്‍ട്ടുകളില്‍ ഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ ഉദയസൂര്യനും തുന്നിച്ചേര്‍ത്തിട്ടുണ്ട്.
പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ യോഗങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.