പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളെ കുടുക്കാന്‍ കെപിഎം റീജന്‍സിയിലെത്തിയ പരിശോധനയില്‍ പോലീസ് പ്രതിരോധത്തില്‍ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കലും ഇതു പോലൊരു സംഭവം ഉണ്ടായിട്ടില്ല. അര്‍ദ്ധ രാത്രിയില്‍ വനിതാ പോലീസില്ലാതെ വനിതാ നേതാക്കളുടെ മുറിയിലേക്ക് പോലീസ് ഇരച്ചു കയറി. കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിക്കുന്ന മുറിയില്‍ പൊലീസ് അര്‍ധരാത്രി പരിശോധന നടത്തിയത് രാഷ്ട്രീയ വിവാദമായി. കള്ളപ്പണം ഒളിപ്പിച്ചെന്ന പേരിലായിരുന്നു മഫ്തി പൊലീസ് ഉള്‍പ്പെടെയുള്ള സംഘം പരിശോധന നടത്തിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവു പരിശോധനയാണെന്ന് എസിപി മാധ്യമങ്ങളോടു പറഞ്ഞു. മുറിയിലെ അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയതായി കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ അസ്വാഭാവിക നീക്കങ്ങളുണ്ടെന്ന് പോലീസിന് രഹസ്യ വിവരം കിട്ടുന്നു. ഉന്നത തലത്തില്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് കെപിഎം റീജന്‍സിയിലേക്ക് പോലീസ് ഇരച്ചെത്തിയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആ ഹോട്ടലില്‍ താമസിക്കുന്നുണ്ടായികുന്നു. ഇതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലേക്ക് മാത്രമാണ് പോലീസ് പോയത് മാധ്യമങ്ങള്‍ അടക്കം കണ്ടത്. ഏഷ്യാനെറ്റ് ന്യൂസിന്റെ മാധ്യമ പ്രവര്‍ത്തകരും ഇതേ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. അതുകൊണ്ട് പോലീസ് നീക്കങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും കാണാനായി. പിന്നീട് സിപിഎം നേതാവ് ടിവി രാജേഷിന്റെ മുറിയിലും പരിശോധിച്ചെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇതാരും കണ്ടില്ലെന്നാണ് അവിടെ ഉള്ളവര്‍ പറയുന്നത്. അതിനിടെ കെപിഎം റീജന്‍സി ഹോട്ടല്‍ പോലീസില്‍ പരാതിയും നല്‍കി. അതിക്രമിച്ച് കയറി ഹോട്ടിലന് നാശമുണ്ടാക്കി എന്നാണ് കേസ്.