തിരുവനന്തപുരം: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണം നേരിട്ട വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്റെ സസ്പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ എ ജയതിലകിനെ അവഹേളിച്ച കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ സര്‍ക്കാര്‍ നീട്ടി. 120 ദിവസത്തേക്ക് സസ്പെന്‍ഷന്‍ നീട്ടിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഗോപാലകൃഷ്ണന്റെ വിശദീകരണം അച്ചടക്ക പുനഃപരിശോധന സമിതി അംഗീകരിച്ചതോടെയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. കെ ഗോപാലകൃഷ്ണന് പുതിയ ചുമതല ഉടന്‍ നല്‍കും.
ഭരണ സംവിധാനത്തിന്റെ പ്രതിച്ഛായ മോശമാക്കി, മേല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അധിക്ഷേപപരമായ പരാമര്‍ശങ്ങള്‍ നടത്തി തുടങ്ങിയവയാണ് എന്‍ പ്രശാന്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ജയതിലകിനെതിരെ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും സസ്പെന്‍ഷന് ശേഷവും മാദ്ധ്യമങ്ങളില്‍ അഭിമുഖം നല്‍കുകയും വഴി സര്‍വീസ് ചട്ടം ലംഘിച്ചു. ഭരണ സംവിധാനത്തിലെ ഐക്യം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു. ഐഎഎസിനോട് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ ഒരിക്കലും ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്തതാണ് പ്രശാന്തില്‍ നിന്നുണ്ടായതെന്നും തുടങ്ങിയവ മെമ്മോയിലുണ്ട്.