നിക്ഷേപം തട്ടാൻ ക്വട്ടേഷൻ നൽകി കൊലപാതകം , മുത്തൂറ്റ് മിനി ഗോൾഡ് മാനേജർ സരിത അറസ്റ്റിൽ; വയോധികന്റെ മരണം അപകടമല്ല

Written by Taniniram

Published on:

കൊല്ലം: സ്വകാര്യ ബാങ്കിലുള്ള നിക്ഷേപം തട്ടിയെടുക്കാന്‍ വേണ്ടി റോഡ് അപകടം സൃഷ്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മാനേജരായ സ്ത്രീയും ക്രിമിനല്‍ കേസ് പ്രതിയും അടക്കം നാലു പേര്‍ അറസ്റ്റില്‍. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ടൗണിലുള്ള മുത്തൂറ്റ് മിനി ഗോള്‍ഡ് മാനേജര്‍ സരിത, ക്വട്ടേഷന്‍ പ്രതികളായ അനി എന്ന് വിളിക്കുന്ന അനിമോന്‍, കൊലയ്ക്ക് ഉപയോഗിച്ച കാര്‍ വാടകയ്ക്ക് കൊടുത്ത ആസിഫ്, ബാങ്കിലെ അക്കൗണ്ടന്റ് അനൂപ് എന്നിവരാണ് അറസ്റ്റിലായത്.

ജൂണ്‍ 19നുണ്ടായ വാഹനാപകടത്തില്‍ പാപ്പച്ചന്‍ (80) എന്നയാള്‍ മരണപ്പെട്ടിരുന്നു. പാപ്പച്ചന്‍ സഞ്ചരിച്ചിരുന്ന സൈക്കിളില്‍ വാഗണര്‍ കാര്‍ തട്ടിയാണ് അപകടം സംഭവിച്ചത്. അപകടമുണ്ടാക്കിയ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഡ്രൈവറായ അനിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സ്വാഭാവികമായ അപകടം എന്ന നിലയിലാണ് കേസ് മുന്നോട്ടു പോയത്. പാപ്പച്ചന്‍ ബിഎസ്എന്‍എല്ലില്‍ നിന്ന് വിരമിച്ചയാളാണ്. കുടുംബവും മക്കളുമായി പിണങ്ങി കഴിയുകയായിരുന്നു. ജോലി ചെയ്തതും വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യങ്ങളുമടക്കം ഏകദേശം ഒരു കോടി രൂപ പാപ്പച്ചന്റെ പേരില്‍ ഉണ്ടായിരുന്നു. പണം അന്വേഷിച്ച് മക്കള്‍ നടത്തിയ അന്വേഷണമാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാക്കിയത്

മക്കളും ബന്ധുക്കളുമായി പിണങ്ങി കഴിയുന്ന പാപ്പച്ചന്റ കഥകള്‍ മുത്തൂറ്റ് മിനി ഗോള്‍ഡ് ബ്രാഞ്ച് മാനേജര്‍ സരിത മനസ്സിലാക്കുകയും ഇദ്ദേഹം ഇല്ലാതായാല്‍ ആരും തിരക്കി വരാന്‍ സാധ്യതയില്ലെന്ന് മനസിലാക്കി അനിയുമായി ചേര്‍ന്ന് പാപ്പച്ചനെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കി.

കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയായ അനിയെ രണ്ടുലക്ഷം പ്രതിഫലമായി നല്‍കാം എന്നു വാഗ്ദാനം ചെയ്താണ് ക്വട്ടേഷന്‍ ഉറപ്പിച്ചത്. ഇതുപ്രകാരം അനി ജൂണ്‍ 19ന് ആസിഫ് എന്നയാളില്‍ നിന്ന് വാടകക്കെടുത്ത കാര്‍ പാപ്പച്ചന്‍ ഉപയോഗിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിന് തൊട്ടടുത്ത ഇടവഴിയില്‍ ആയിരുന്നു അപകടം.

പാപ്പച്ചന്റെ പണം അന്വേഷിച്ച് ചെന്ന മക്കളോട് പാപ്പച്ചന്റെ നിക്ഷേപത്തുകയില്‍ നിന്ന് പകുതിയോളം മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് വായ്പയായി എടുത്തിട്ടുണ്ടെന്ന് മാനേജരും അക്കൗണ്ടന്റും അറിയിച്ചു. സംശയം തോന്നിയ മക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൊലപാതകം ആസൂത്രണം ചെയ്യാന്‍ വേണ്ടി അനിയും സരിതയും രണ്ട് പുതിയ സിം കാര്‍ഡുകള്‍ എടുത്തിരുന്നു. ഇത് ഉപയോഗിച്ചാണ് ഇവര്‍ തമ്മില്‍ ആശയ വിനിമയം നടത്തിയിരുന്നത്. ഈ സിം കാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തതാണ് കേസില്‍ വഴിത്തിരിവായത്.

Related News

Related News

Leave a Comment