രഞ്ജിത് പ്രഗത്ഭ സംവിധായകൻ ഊഹാപോഹത്തിൽ നടപടിയെടുക്കില്ല മന്ത്രി സജിചെറിയാൻ

Written by Taniniram

Published on:

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെ പിന്തുണച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലിനെ സംശയകരമായി നോക്കുന്ന സമീപനമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ടി പരാതിയുമായി മുന്നോട്ടുവന്നാല്‍ നിയമാനുസൃതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സിപിഎമ്മിലെ പ്രബല വിഭാഗം രഞ്ജിത്തിനെ പിന്തുണയ്ക്കുന്നുണ്ട്. മുമ്പ് കോഴിക്കോട് സ്ഥാനാര്‍ത്ഥിയായി രഞ്ജിത്തിനെ ഉയര്‍ത്തി കാട്ടിയവരാണ് ഇപ്പോള്‍ രഞ്ജിത്തിന് പിന്തുണ നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് സജി ചെറിയാന്റെ പരസ്യ നിലപാട് പ്രഖ്യാപിക്കല്‍.

രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടത് മാധ്യമങ്ങളിലൂടെ ഞാനും കണ്ടു. അതില്‍ രഞ്ജിത്ത് മറുപടി പറഞ്ഞിട്ടുമുണ്ട്. ആ മറുപടിയും അവരുടെ ആക്ഷേപവുമാണ് നമ്മുടെ മുന്നിലുള്ളത്. അത് സംബന്ധിച്ച് അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ വരട്ടെ. അവര്‍ വന്നുകഴിഞ്ഞാല്‍ അത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ നിയമാനുസൃതം സര്‍ക്കാര്‍ സ്വീകരിക്കും. ഏതെങ്കിലുമൊരാള്‍ ആരെപ്പറ്റിയെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചാല്‍ കേസെടുക്കാന്‍ പറ്റുമോ. അങ്ങനെയെടുത്ത ഏതെങ്കിലും കേസ് കേരളത്തില്‍ നിലനിന്നിട്ടുണ്ടോ. ആരോപണം ഉന്നയിച്ചവര്‍ പരാതി തരിക. ആര്‍ക്കെങ്കിലും രഞ്ജിത്തിനെതിരെ പരാതി ഉണ്ടെങ്കില്‍ രേഖാമൂലം നല്‍കിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിലെന്തെങ്കിലും വസ്തുത ഉണ്ടെന്ന് അന്വേഷിക്കാതെ എനിക്ക് പറയാനാകുമോ. അത് അദ്ദേഹം പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ അത് പരിശോധനയ്ക്ക് വിധേയമാക്കേണ്ട കാര്യമുണ്ടോ-ഇതാണ് സജി ചെറിയാന്റെ വിശദീകരണം.

Related News

Related News

Leave a Comment