തിരുവനന്തപുരം: എൻഡോസൾഫാനേക്കാൾ മാരകമാണ് മലയാളത്തിലെ ചില സീരിയലുകൾ എന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ മന്ത്രി ഗണേശ് കുമാർ. പ്രേം കുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ഗണേശ് കുമാറും ടെലിവിഷൻ താരങ്ങളുടെ സംഘടനയായ അസോസിയേഷൻ ഒഫ് ടെലിവിഷൻ മീഡിയ ആർടിസ്റ്റും (ആത്മ) ആവശ്യപ്പെട്ടു. ആത്മയുടെ പ്രസിഡന്റാണ് ഗണേശ് കുമാർ.
എന്‍ഡോസള്‍ഫാന്‍ പരാമര്‍ശത്തില്‍ ‘ആത്മ’ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി പ്രേം കുമാറിനയച്ച തുറന്ന കത്തില്‍ പറയുന്നു. സീരിയലുകളുടെ കാര്യത്തില്‍ ക്രിയാത്മകമായി ശ്രദ്ധ പതിപ്പിക്കാതെ വെറും കയ്യടികള്‍ക്ക് മാത്രമായി മാദ്ധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച നിലപാടിനെ ആത്മ അപലപിക്കുന്നു.’എന്‍ഡോസള്‍ഫാനിസം’ പ്രസ്താവനയുടെ പിന്നാലെ നടീനടന്മാര്‍ക്ക് തത്രപ്പെട്ട് പോകേണ്ട ആവശ്യമില്ല. എന്നാല്‍ അന്നം മുടക്കുന്ന പ്രവണത കണ്ടാല്‍ നിശബ്ദരായിരിക്കാന്‍ നിര്‍വാഹമില്ലെന്നും തുറന്ന കത്തില്‍ വ്യക്തമാക്കുന്നു.കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പ്രേം കുമാറിന്റെ എന്‍ഡോസള്‍ഫാന്‍ പരാമര്‍ശം. ‘എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല. കലാകാരന് ആതിരുകളില്ലാത്ത ആവിഷ്‌കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ സെന്‍സറിംഗ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. അന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
സിനിമാതാരം ധര്‍മ്മജനും പ്രേംകുമാറിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.