നാടിനെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പത്തുനാള്‍ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും എന്‍.ഡി.ആര്‍.എഫിനും സംസ്ഥാന സേനകള്‍ക്കും കൈമാറുമെന്ന് സൈന്യം അറിയിച്ചു.
ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള തിരച്ചിനും ബെയിലി പാലം ശക്തിപ്പെടുത്തുന്നതിനും നിയോഗിച്ചിട്ടുള്ള സൈനികര്‍ മാത്രമേ സ്ഥലത്ത് തുടരൂ. തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, ബെംഗളൂരു ബറ്റാലിയനുകളിലെ 500 അംഗ സംഘമാണ് മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍നിന്ന് തിരികെ പോകുന്നത്.
സൈന്യത്തിന് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ഔദ്യോഗിക യാത്രയയപ്പ് നല്‍കി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും പങ്കെടുത്ത ചടങ്ങില്‍ വിവിധ സൈനിക വിഭാഗങ്ങളിലെ മേധാവികളെ ആദരിച്ചു. സൈന്യത്തിന് ആദരസൂചകമായി കേരളത്തിന്റെ മുദ്രയുളള മൊമെന്റോ നല്‍കി.
ദുരന്തഭൂമിയില്‍ ജനങ്ങളും സര്‍ക്കാരും നല്‍കിയ പിന്തുണയ്ക്ക് സൈന്യം നന്ദി പറഞ്ഞു. സൈന്യത്തിന്റെ സേവനത്തിന് മന്ത്രിമാരും നന്ദി രേഖപ്പെടുത്തി.