വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ പണയ സ്വര്‍ണം തട്ടിപ്പ് കേസിലെ പ്രതി മുന്‍ മാനേജര്‍ തമിഴ്‌നാട് സ്വദേശി മധു ജയകുമാര്‍ അറസ്റ്റില്‍. തെലുങ്കാനയില്‍ നിന്നാണ് അറസ്റ്റ്. മധുവിന്റെ വീഡിയോ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് അറസ്റ്റ്. ചാത്തന്‍ കണ്ടത്തില്‍ ഫിനാന്‍സിയേഴ്‌സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് സ്വര്‍ണം പണയപ്പെടുത്തിയതെന്നാണ് മധു ജയകുമാര്‍ പറയുന്നത്. ബാങ്കിന്റെ സോണല്‍ മാനേജറുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്വര്‍ണം പണയം വച്ചതെന്നും മധു വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഈ വീഡിയോ സന്ദേശമാണ് മധുവിനെ കുടുക്കിയത്. ശാസ്ത്രീയ അന്വേഷണത്തിലാണ് മധു തെലുങ്കാനയിലുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തെലുങ്കാന പോലീസിന്റെ സഹായത്താലാണ് അറസ്റ്റ് ചെയ്തത്.
വടകര സിഐയുടെ നേതൃത്വത്തില്‍ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 42 അക്കൗണ്ടുകളിലായി പണയം വച്ച 26.24 കിലോ സ്വര്‍ണം കാണാതായെന്ന് വ്യക്തമായി.മുന്‍ മാനേജറായ മധു ജയകുമാര്‍ ഇത് തട്ടിയെടുത്ത് മുങ്ങിയെന്ന സംശയത്തില്‍ ഇയാള്‍ക്കായി പൊലീസ് തമിഴ്നാട്ടിലടക്കം തെരച്ചില്‍ നടത്തുന്നതിനിടെയാണ് പ്രതിയുടെ വീഡിയോ സന്ദേശം പുറത്തുവന്നത്. ഇതോടെ വീഡിയോ സന്ദേശത്തിന്റെ ഉറവിടം തേടി അന്വേഷണം തുടങ്ങി. അതാണ് നിര്‍ണ്ണായകമായത്. അറസ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞ മാസം ഉണ്ടായ സ്ഥലംമാറ്റമാണ് തട്ടിപ്പ് വെളിച്ചത്ത് വരാന്‍ കാരണം. പുതുതായെത്തിയ മാനേജര്‍ നടത്തിയ റീ അപ്രൈസല്‍ നടപടിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഉടന്‍ ബാങ്ക് ഹെഡ് ഓഫീസിലും പൊലീസിലും വിവരം അറിയിച്ചെങ്കിലും മധു ജയകുമാര്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി അപ്പോഴേക്കും മുങ്ങി. ഇത്രയും സ്വര്‍ണം പ്രതി എന്ത് ചെയ്തുവെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനായി പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുന്നുണ്ട്.