ഹോർത്തൂസ് മലബാറിക്കൂസിന് പുനർജന്മമേകിയ സസ്യശാസ്ത്രജ്ഞൻ ഡോ. കെഎസ് മണിലാൽ അന്തരിച്ചു

Written by Taniniram

Published on:

പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ പത്മശ്രീ ഡോ. കെഎസ് മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായിരുന്നു. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിന്‍ഗ്രന്ഥം, അമ്പതാണ്ട് കാലത്തെ ഗവേഷണം പ്രവര്‍ത്തനം വഴി ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ് കെഎസ് മണിലാല്‍.

200 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാല്‍, 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. നാല് സസ്യയിനങ്ങള്‍ അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളും പ്രസിദ്ധമാണ്. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ പ്രസിദ്ധീകരിച്ച കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് 12 വാള്യങ്ങളുള്ള ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’, മൂന്നു നൂറ്റാണ്ടിനുശേഷം മണിലാലിന്റെ പ്രവര്‍ത്തനഫലമായാണ് ആദ്യമായി ഇംഗ്ലീഷിലും മലയാളത്തിലും എത്തിയത്.

കാട്ടുങ്ങല്‍ എ സുബ്രഹ്‌മണ്യത്തിന്റെയും കെകെ ദേവകിയുടെയും മകനായി 1938 സപ്തംബര്‍ 17ന് പറവൂര്‍ വടക്കേക്കരയിലായിരുന്നു ജനനം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ നിന്ന് 1964 ല്‍ സസ്യശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി. കേരള സര്‍വകലാശാലയുടെ കാലിക്കറ്റ് സെന്ററില്‍ ബോട്ടണി വകുപ്പില്‍ അധ്യാപനായി ചേര്‍ന്ന അദ്ദേഹം, പിന്നീട് കാലിക്കറ്റ് സര്‍വകലാശാല നിലവില്‍ വന്നപ്പോള്‍ അവിടെ ബോട്ടണി വകുപ്പിന്റെ ഭാഗമായി. റോയല്‍ സൊസൈറ്റി നഫീല്‍ഡ് ഫൗണ്ടേഷന്‍ ഫെലോ’ ആയി തിരഞ്ഞെടുക്കപ്പെട്ട മണിലാല്‍ 1971 ല്‍ ബ്രിട്ടനില്‍ സസ്യശാസ്ത്ര ഗവേഷണം നടത്തി.1976 ല്‍ പ്രൊഫസറായി സ്ഥാനക്കയറ്റം കിട്ടിയ മണിലാല്‍, 1986 ല്‍ സീനിയര്‍ പ്രൊഫസറും വകുപ്പ് മേധാവിയുമായി.

ഹോര്‍ത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഉള്‍പ്പടെ ഒരു ഡസനിലേറെ ഗ്രന്ഥങ്ങള്‍ മണിലാല്‍ രചിച്ചിട്ടുണ്ട്. ‘ഫ്ളോറ ഓഫ് കാലിക്കറ്റ്'(1982), ‘ഫ്ളോറ ഓഫ് സൈലന്റ് വാലി’ (1988), ‘ബോട്ടണി ആന്‍ഡ് ഹിസ്റ്ററി ഓഫ് ഹോര്‍ത്തൂസ് മലബാറിക്കൂസ്'(1980), ‘ആന്‍ ഇന്റര്‍പ്രട്ടേഷന്‍ ഓഫ് വാന്‍ റീഡ്സ് ഹോര്‍ത്തൂസ് മലബാറിക്കൂസ്'(1988), ‘ഹോര്‍ത്തൂസ് മലബാറിക്കൂസ് ആന്‍ഡ് ദി സോഷ്യോ-കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഇന്ത്യ’ (2012) എന്നീ ഗ്രന്ഥങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു.

ശാസ്ത്രമേഖലയില്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ച് 2020 ലാണ് രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു.

See also  ദേശീയ പതാക താഴ്ത്തുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് ഫാ. മാത്യു കുടിലിലിന് ദാരുണാന്ത്യം

Related News

Related News

Leave a Comment