പ്രതിഷേധം ശക്തം; കണ്ണൂർ കളക്ടർ അരുൺ കെ വിജയനെ മാറ്റിയേക്കും; ഓഫീസിലെത്തിയാൽ പ്രതിഷേധിക്കാൻ സഹപ്രവർത്തകർ

Written by Taniniram

Published on:

കണ്ണൂര്‍ : കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ പ്രതിഷേധം ശക്തമാകുന്നു. കളക്ടര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്കെതിരെയും പരാതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ കളക്ടര്‍ സ്ഥാനത്തുനിന്ന് അരുണ്‍ കെ വിജയനെ മാറ്റാന്‍ സാധ്യത. നവീന്റെ കുടുംബവും പത്തനംതിട്ട സിപിഐഎമ്മും എഡിഎമ്മിന്റെ ഓഫിസിലെ ചില ഉദ്യോഗസ്ഥരും യാത്രയയപ്പ് ദിവസത്തെ വിവാദ പ്രസംഗത്തില്‍ കളക്ടറുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് നീക്കം നടക്കുന്നത്. റവന്യൂ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി ലഭിച്ചാലുടന്‍ അരുണ്‍ കെ വിജയനെ മാറ്റും.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ തുടരന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കളക്ടറെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വകുപ്പില്‍ നടക്കുന്ന അന്വേഷണത്തിന്റെ ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതക്ക് കൈമാറി. സംഭവത്തില്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ നല്‍കിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ കളക്ടര്‍ക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണചുമതല മറ്റൊരാളെ ഏല്പിച്ചത്.

ദിവ്യ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കളക്ടര്‍ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്. കലക്ടറുടെ ഫോണ്‍ വിളി രേഖകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിച്ചേക്കും. കണ്ണൂരില്‍ ഉണ്ടെങ്കിലും കളക്ടര്‍ ഇന്നും ഓഫീസില്‍ എത്താന്‍ ഇടയില്ല. ഓഫീസില്‍ വന്നാല്‍ ശക്തമായി പ്രതിഷേധിക്കാനാണ് സര്‍വീസ് സംഘടനകളുടെ തീരുമാനം. ദിവ്യയുടെ മുന്‍കൂര്‍ജാമ്യപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ചയാവും പരിഗണിക്കുക.

See also  കലാമണ്ഡലം സത്യഭാമയ്‌ക്കെതിരേ ഭിന്നശേഷിക്കാരും രംഗത്ത്

Related News

Related News

Leave a Comment