തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തില്‍ ശ്രുതിക്ക് അച്ഛനെയും അമ്മയെയും സഹോദരിയേയും നഷ്ടപ്പെട്ടിരുന്നു. കൂടാതെ വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ ജെന്‍സണും മരിച്ചിരുന്നു. ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും, മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളില്‍ താമസിപ്പിക്കുന്നവരെ രണ്ടാം ഘട്ടമായി പുനരധിവസിപ്പിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒന്നും രണ്ടും ഘട്ടങ്ങളായി പുനരധിവസിപ്പിക്കുന്നവരുടെ കരട് ലിസ്റ്റ് വയനാട് ജില്ലാ കളക്ടര്‍ പുറത്തുവിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.