ബെംഗളൂരു: ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്‌പേസ് ഡോക്കിങ് എക്‌സിപിരിമെന്റ് (സ്‌പെയ്‌ഡെക്‌സ്) ഐ.എസ്.ആർ.ഒ. വിജയകരമായി പൂര്‍ത്തിയാക്കി. സ്‌പെയ്‌ഡെക്‌സ് ദൗത്യം വ്യാഴാഴ്ച വിജയകരമായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ. ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30-ാം തീയതിയാണ് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍. ജനുവരി 6ന് ഇവയുടെ ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഇസ്രൊ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഈ ശ്രമം 9-ാം തിയതിയിലേക്ക് നീട്ടിവെച്ചു
ഒന്‍പതാം തിയതി ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെ വീണ്ടും സാങ്കേതിക പ്രശ്‌നം നേരിട്ടതിനാല്‍ ഡോക്കിംഗ് പരീക്ഷണം രണ്ടാമതും നീട്ടുന്നതായി ഇസ്രൊ അറിയിക്കുകയായിരുന്നു. പിന്നീട് ഐഎസ്ആര്‍ഒ ഏറെ കരുതലോടെയാണ് ഡോക്കിംഗിനായുള്ള മൂന്നാം ശ്രമം തുടങ്ങിയത്. പതിനൊന്നാം തിയതിയിലെ മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കും ഇസ്രൊ അനായാസം ഉപഗ്രഹങ്ങളെ കൊണ്ടുവന്നു. എന്നാല്‍ ഇതൊരു ട്രെയല്‍ മാത്രമായിരുന്നു എന്ന അറിയിപ്പ് പിന്നാലെ ഐഎസ്ആര്‍ഒയുടെ ഭാഗത്ത് നിന്നെത്തി. ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തു. വിവരങ്ങൾ പഠിച്ച ശേഷമേ അടുത്ത നീക്കമുണ്ടാകൂ എന്ന അറിയിപ്പ് വന്നതോടെ ആകാംക്ഷ ഇരട്ടിച്ചു. ഒടുവില്‍ ഇന്ന് മണിക്ക് സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് പരീക്ഷണം വിജയത്തിലെത്തിയതായി 140 കോടിയിലേറെ ജനങ്ങള്‍ക്കുള്ള അഭിമാന വാര്‍ത്ത ഇസ്രൊ അറിയിക്കുകയായിരുന്നു.