ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ ചര്‍ച്ചയാകുന്നത് ഒരു പ്രമുഖ നടിയുടെ മൊഴിയാണ്. സിനിമയിലെ യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ഡബ്ല്യുസിസി അംഗങ്ങളെ വിലക്കുന്ന സാഹചര്യമുണ്ടായെന്ന് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പറയുന്നു. അക്കമിട്ട് നിരത്തി ആരോപണങ്ങള്‍ നിറയ്ക്കുന്നു. എന്നാല്‍ ഒരു നടിയുടെ മൊഴിയെ കുറിച്ച് മാത്രമാണ് കമ്മറ്റിക്ക് സംശയമുള്ളത്. ആ നടിയുടെ പേരും രഹസ്യമാണ്. പീഡനവും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറയുന്ന നടി. ഈ നടിയുടെ മൊഴിയെങ്കിലും പുറത്തു വരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇന്ന് കേരളത്തില്‍ ഏറെയാണ്. കൊച്ചു കുട്ടിക്ക് പോലും അറിയാവുന്ന കാര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞ ആ നടിയെ കുറിച്ച് വ്യക്തമായ സൂചനകള്‍ കമ്മറ്റി റിപ്പോര്‍്ട്ടിലുണ്ട്.
ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായിരുന്ന ഒരു നടിക്ക് മാത്രമാണ് അവസരങ്ങള്‍ ലഭിച്ചത്. സിനിമയില്‍ സ്ത്രീകള്‍ക്ക് ഒരു പ്രശ്നവും നേരിടുന്നില്ലെന്ന നിലപാടാണ് ഇവര്‍ കമ്മിഷനു മുന്നില്‍ ആവര്‍ത്തിച്ചത്. സിനിമയില്‍ ഒരു സ്ത്രീയും ലൈംഗിക ചൂഷണത്തിന് വിധേയരായെന്ന് കേട്ടിട്ടുപോലുമില്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇത് വാസ്തവവിരുദ്ധമാണ്. മനഃപൂര്‍വം ഈ നടി പുരുഷന്മാര്‍ക്കെതിരെ സംസാരിക്കാതിരിക്കുന്നു എന്നോ അല്ലെങ്കില്‍ സിനിമയില്‍നിന്ന് പുറത്താകരുതെന്നുള്ള സ്വാര്‍ഥ താല്‍പര്യമെന്നോ വേണം ഈ മൊഴികളെ വിലയിരുത്തേണ്ടതെന്നും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ മൊഴികള്‍ക്ക് വില കല്‍പ്പിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
കൊച്ചിയില്‍ നടിയെ ആക്രമിച്ചത് ഏവരും അറിഞ്ഞതും കേട്ടതുമാണ്. ഇതിന് പിന്നിലെ ഗൂഡാലോചന ചര്‍ച്ചയാക്കിയതും പ്രമുഖ നടിയാണ്. സിനിമയിലെ കുടുംബ പ്രശ്നങ്ങളായിരുന്നു പള്‍സര്‍ സുനിയെന്ന ഗുണ്ടയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും ഏവരും കേട്ടതുമാണ്. ആക്രമിക്കപ്പെട്ട നടിയുടെ കരച്ചിലും കേട്ടു. എന്നിട്ടും സിനിമയില്‍ സ്ത്രീകള്‍ക്ക് ഒരു പ്രശ്നവും നേരിടുന്നില്ലെന്ന നിലപാട് എങ്ങനെ പ്രമുഖ നടി കമ്മീഷന് മുന്നില്‍ എടുത്തുവെന്നതാണ് ഏവരേയും ഞെട്ടിക്കുന്ന കാര്യം. സിനിമയില്‍ ഒരു സ്ത്രീയും ലൈംഗിക ചൂഷണത്തിന് വിധേയരായെന്ന് കേട്ടിട്ടുപോലുമില്ലെന്നാണ് ഈ നടിയുടെ മൊഴി.