തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രപതിക്കയച്ചതിനെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ സംസ്ഥാനം നല്‍കിയ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്കായി അറ്റോര്‍ണിജനറല്‍ ആര്‍.വെങ്കിട്ടരമണി ഹാജരാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ അറ്റോര്‍ണിജനറലുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തി. അടുത്തയാഴ്ച കേസ് പരിഗണിക്കുമ്പോള്‍, രാഷ്ട്രപതിക്ക് അയയ്ക്കാനിടയായ സാഹചര്യം വിശദീകരിച്ച് വസ്തുതാറിപ്പോര്‍ട്ട് നല്‍കാനാണ് വെങ്കിട്ടരമണിയുടെ ഉപദേശം.
രാഷ്ട്രപതിക്കയച്ചതും, കാരണം വ്യക്തമാക്കാതെ രാഷ്ട്രപതി തടഞ്ഞുവയ്ക്കുന്നതും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ്‌കേരളത്തിന്റെ ആവശ്യം.ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ മാര്‍ഗ്ഗരേഖ വേണമെന്നതാണ് മറ്റൊരു ആവശ്യം.ചീഫ്‌സെക്രട്ടറി വി.വേണുവും പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണനുമാണ് വ്യത്യസ്ത ഹര്‍ജികള്‍ നല്‍കിയത് . മുന്‍അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലാണ് കേരളത്തിനുവേണ്ടി ഹാജരാവുന്നത്.