എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടു. വിവാരവകാശ നിയമം അനുസരിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന റിപ്പോര്‍ട്ടുകളാണ് നിയമസഭയുടെ മേശപ്പുറത്ത് സര്‍ക്കാര്‍ വച്ചത്. എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതിലും പി വി അന്‍വര്‍ ഉന്നയിച്ച് ആരോപണങ്ങളിലുമുള്ള അന്വേഷണ റിപ്പോര്‍ട്ടുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
എഡിജിപിക്കെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടുകളാണ് സര്‍ക്കാര്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയത് ക്ലോസ് ഡോര്‍ മീറ്റിംഗ് ആയിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൗഹൃദ കൂടിക്കാഴ്ചയെന്ന എം ആര്‍ അജിത് കുമാറിന്റെ മൊഴി തള്ളിയാണ് റിപ്പോര്‍ട്ട്. സൗഹൃദ സന്ദര്‍ശനം എന്ന വിശദീകരണം സ്ഥിരീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്‍വറിന്റെ പരാതിയില്‍ കൃത്യമായ തെളിവ് ഇല്ലെന്നാണ് റിപ്പോര്‍ട്ടുലുള്ളത്. എന്നാല്‍ ചില കേസ് അന്വേഷണ വീഴ്ചകളില്‍ തുടര്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.