നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന മലയാള സിനിമയ്ക്ക് കൂടുതല്‍ തിരിച്ചടയായി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നോട്ടീസിനെ നിയമപരമായി നേരിടാനാണ് താരസംഘടനയായ അമ്മയുടെ തീരുമാനം. നിര്‍മ്മാതാക്കളുടെ സംഘടന അമ്മയ്ക്ക് ഒരു കോടി രൂപ നല്‍കാനുണ്ടെന്ന നടന്‍ ജയന്‍ ചേര്‍ത്തലയുടെ പരാമര്‍ശമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ചൊടിപ്പിച്ചത്. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ജയന്‍ ചേര്‍ത്തലയുടെ പരാമര്‍ശം.
ജയന്‍ ചേര്‍ത്തല തങ്ങളെ മാധ്യമങ്ങളിലൂടെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം സിജിഎം കോടതിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ജയന്‍ ചേര്‍ത്തല മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് നല്‍കിയെങ്കിലും ജയന്‍ ചേര്‍ത്തല അതിനോട് പ്രതികരിച്ചിരുന്നില്ല. പിന്നാലെയാണ് തര്‍ക്കം വന്‍ നിയമയുദ്ധത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ജയന്‍ ചേര്‍ത്തലയ്ക്ക് നിയമസഹായത്തിന് മുതിര്‍ന്ന അഭിഭാഷകനെ എത്തിക്കാനാണ് താരസംഘടന അമ്മയുടെ നീക്കം.