കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബര്‍ ആക്രണമണത്തില്‍ ലോറി ഉടമ മനാഫിനെതിരെ പോലീസ് കേസെടുത്തു. സാമുദായിക സ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയില്‍ ഉള്‍പ്പടെ സമൂഹമാധ്യമങ്ങളില്‍ വേട്ടയാടപ്പെടുന്നു എന്ന് കാണിച്ച് അര്‍ജുന്റെ സഹോദരി അഞ്ജു ഇന്നലെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലീസാണ് കേസ് എടുത്തത്.
ബിഎന്‍എസ് 192,120 (ഒ) കേരള പോലീസ് ആക്ട് (സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് മനാഫ് സമൂഹമാധ്യമങ്ങള്‍ വഴി തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും അര്‍ജുന്റെ കുടുംബ പശ്ചാത്തലവും പ്രചരിപ്പിച്ചെന്നും കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മുതലെടുത്ത് പ്രചാരണം നടത്തിയെന്നും ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനല്‍ ഉപയോഗിച്ച് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ലോറി ഉടമ മനാഫ് എന്ന യൂടൂബ് ചാനലില്‍ സബ്‌സ്‌ക്രൈബേഴ്‌സ് വര്‍ധിച്ചു. പതിനായിരത്തില്‍ നിന്ന് ഇപ്പോള്‍ രണ്ട് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സായിട്ടുണ്ട്.